കോഴിക്കോട്: ഹവാല പണം നേരിട്ട് കൈകളിൽ എത്തിക്കുന്നതിന് പകരം ന്യൂജെൻ പണം കടത്തുകാർ ഡെപ്പോസിറ്റ് മെഷീൻ വഴി ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്നതിന് തെളിവ്. ഇത്തരത്തിൽ ഡെപ്പോസിറ്റ് മെഷീനിൽ പണം നിക്ഷേപിക്കുന്നതിനിടെ കോഴിക്കോട് യുവാവ് പിടിയിൽ. നരിക്കുനി പാറന്നൂർ പുല്ലിൽപുറായിൽ നാഫി(35)യാണ് ബാലുശ്ശേരി പോലീസിന്റെ പിടിയിലായത്.
ബാലുശ്ശേരി കനറാ ബാങ്കിനുള്ളിലെ ഡെപ്പോസിറ്റ് മെഷീനിൽ ഹവാല പണം നിക്ഷേപിക്കുന്നതിനിടെ ആയിരുന്നു യുവാവിനെ അറസ്റ്റ് ചെയ്തത്. വാട്സാപ്പ് വഴി ലഭിക്കുന്ന ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയിരുന്നത്. മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ പണം അയക്കേണ്ട അക്കൗണ്ട് നമ്പറുകളും വിലാസങ്ങളും കണ്ടെത്തി.
ഇയാളുടെ പക്കൽ നിന്നും 9,58000 രൂപയും മൊബൈൽ ഫോണും ബൈക്കും പോലീസ് പിടിച്ചെടുത്തു. അഡീഷണൽ എസ്‌ഐ മധു, എഎസ്‌ഐ വിനോദ് കുമാർ, ഡ്രൈവർ രമേശൻ എന്നിവരടങ്ങിയ സംഘമാണ് ഹവാല പണം പിടികൂടിയത്. നൗഫിയെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.