തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിപക്ഷാനുകൂല തൊഴിലാളി സംഘടനയും സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹസമരം ആരംഭിച്ചു. സിഐടിയുവിന് പിന്നാലെയാണ് മറ്റ് സംഘടനകളും സമരത്തിലേക്ക് ഇറങ്ങിയിരിക്കുന്നത്. ഇതിനിടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവും രംഗത്തെത്തി. ജീവനക്കാരുടെ ശമ്പളം മുടക്കി, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന, സർക്കാരിനേയും ഗതാഗതമന്ത്രിയേയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
തുടർച്ചയായി മൂന്നാം മാസവും കെഎസ്ആർടിസിയിലെ ശമ്പള വിതരണം തടസപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസവും രണ്ട് ഗഡുക്കളായാണ് ശമ്പളം വിതരണം ചെയ്തത്. ഭരണാനുകൂല സംഘടനയായ കെഎസ്ആർടിഇഎ തിങ്കഴാഴ്ച മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ സത്യാഗ്രഹ സമരത്തിലാണ്. പ്രതിപക്ഷ യൂണിയനായ ടിഡിഎഫും ഇന്ന് സമരം തുടങ്ങി.
അതേസമയം, ശമ്പള വിതരണത്തിനുള്ള പ്രതിമാസ സഹായമായ 20 കോടി രൂപ സംസ്ഥാന സർക്കാർ കെഎസ്ആർസിക്ക് അനുവദിച്ചു. ഒരുമാസത്തെ ശമ്പള വിതരണത്തിന് 76 കോടിയോളം രൂപ വേണം. ദൈനംദിന കളക്ഷനിൽ നിന്നുള്ള വരുമാനവും ചേർത്ത് പത്താം തീയതിയോടെ പകുതി ശമ്പളം വിതരണം ചെയ്യാനാകുമെന്നാണ് കെഎസ്ആർസിയുടെ പ്രതീക്ഷ. അടിയന്തര സഹായമായി 40 കോടി കൂടി അനുവദിക്കണമെന്നും കെഎസ്ആർസി ആവശ്യപ്പെട്ടു.
Discussion about this post