‘മൂട്ട ശല്യം’;കാസര്‍കോട് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി ആറ് ദിവസത്തേക്ക് അടച്ചിടുന്നു

കാസര്‍കോട്: മൂട്ട ശല്ല്യം സഹിക്കാനാകാതെ കാസര്‍കോട് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി അടച്ചിടാനൊരുങ്ങുന്നു. മൂട്ടകളെ തുരത്താനുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനായാണ് ആശുപത്രി അടച്ചിടുന്നത്. ആറ് ദിവസത്തേക്കാണ് ആശുപത്രി അടച്ചിടുന്നത്. ഈ മാസം ഏഴ് മുതല്‍ ആശുപത്രി അടച്ചിടും.

കാസര്‍കോട് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ കഴിഞ്ഞ നാല് മാസമായിട്ടാണ് മൂട്ട ശല്യം ക്രമാതീതമായി ഉയര്‍ന്നത്. അഡ്മിറ്റ് ചെയ്യപ്പെടുന്ന പല രോഗികളും ഒരു ദിവസം കഴിഞ്ഞാല്‍ തന്നെ ഡിസ്ചാര്‍ജ് വാങ്ങി പോകുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

രാത്രി ജോലിയെടുക്കുന്നവര്‍ക്ക് മൂട്ടയുടെ കടി കാരണം കസേരയില്‍ ഇരിക്കാനോ കിടക്കയില്‍ കിടക്കാനോ പറ്റാത്ത അവസ്ഥയാണ്. മൂട്ടശല്യം രൂക്ഷമായതോടെ നഴ്‌സുമാരടക്കമുള്ള മറ്റ് ജീവനക്കാര്‍ ജോലി ബഹിഷ്‌കരിക്കുന്നതടക്കമുള്ള പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെയാണ് ആശുപത്രി അടച്ചിട്ട് മൂട്ടകളെ തുരത്താനുള്ള തീരുമാനം അധികൃതര്‍ എടുത്തത്.

മൂട്ടകളെ തുരത്താനായി മാരക വിഷാംശമുള്ള കെമിക്കലാണ് ഉപയോഗിക്കുന്നത്. വാര്‍ഡുകളിലടക്കം ഇവ പ്രയോഗിക്കുന്നതിനാലാണ് ആറ് ദിവസത്തേക്ക് ആശുപത്രി അടച്ചിടുന്നത്. കേരള സ്റ്റേറ്റ് വെയര്‍ഹൗസിങ് കോര്‍പറേഷനാണ് ശുചീകരണ പ്രവര്‍ത്തി ഏറ്റെടുത്തിരിക്കുന്നത്.

പുരുഷ, വനിതാ രോഗികള്‍ക്കായുള്ള വാര്‍ഡുകളടക്കം ആറ് ദിവസത്തേക്ക് പ്രവര്‍ത്തിക്കില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ. വിജയകുമാര്‍ വ്യക്തമാക്കി.

Exit mobile version