പോത്തൻകോട്: മ്യൂസിക് വീഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക്കിലൂടെയുള്ള പരിചയം പ്രണയമായതോടെ ഭർത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയേയും കാമുകനെയും പോലീസ് അറസ്റ്റു ചെയ്തു. വട്ടപ്പാറ വേറ്റിനാട് സ്വദേശി അഞ്ജു (28), കാഞ്ഞിരപ്പള്ളി സ്വദേശി സരുൺ (24) എന്നിവരാണ് പിടിയിലായത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു.
യുവതിയെ കാണാനില്ലെന്ന് അമ്മയും ഭർത്താവും വട്ടപ്പാറ പോലീസിൽ നൽകിയ പരാതിയിലായിരുന്നു അന്വേഷണം. സ്ഥിരമായി യുവതി ടിക് ടോക്ക് ഉപയോഗിക്കുമായിരുന്നെന്നാണ് വിവരം.
ആറു മാസം മുമ്പാണ് സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായ സരുണുമായി ടിക് ടോക്കിലൂടെ അടുക്കുന്നത്. ഈ അടുപ്പം പ്രണയത്തിലേക്കു വഴിമാറി. നവംബർ 28ന് ഭർത്താവ് ജോലിക്ക് പോയ സമയം നോക്കി യുവതി മക്കളെ വീടിനുള്ളിലാക്കിയ ശേഷം കാമുകനെ കാണാനായി കോട്ടയത്തെത്തുകയും ഇരുവരും ഇവിടെ നിന്നും കടന്നുകളയുകയുമായിരുന്നു. കോട്ടയത്ത് വെച്ചാണ് യുവതി സരുണിനെ ആദ്യമായി നേരിൽ കാണുന്നതും. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള പോലീസിന്റെ അന്വേഷണത്തിലാണ് ഇരുവരും ബംഗളൂരുവിൽ എത്തിയതായി വിവരം ലഭിക്കുന്നത്. തുടർന്ന് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.