തൃപ്പൂണിത്തുറ: മെട്രോ റെയില്‍ പൈലിങ്ങിനിടെ പൈപ്പ് പൊട്ടി(സിഎന്‍ജി) പ്രകൃതിവാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തിയത് മണിക്കൂറുകളോളം. അരമണിക്കൂറോളമാണ് പൈലിങ്ങിനായി ഇറക്കിയിരുന്ന വലിയ ഇരുമ്പുകുഴലിലൂടെ വാതകം പുറത്തേയ്ക്ക് തള്ളിയത്. തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള മെട്രോ റെയിലിനായി യന്ത്രം ഉപയോഗിച്ച് പൈലിങ് നടത്തുന്നതിനിടെയാണ് പൈപ്പ് പൊട്ടിയത്. ബുധനാഴ്ച സന്ധ്യക്ക് ഏഴു മണിയോടെയാണ് സംഭവം.
ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് പൈപ്പ് ലൈനാണ് പൊട്ടിയത്. സംഭവമറിഞ്ഞ ഉടന്‍തന്നെ വാതക നീക്കം തടഞ്ഞതായി സ്ഥലത്തെത്തിയ അദാനി ഗ്യാസ് അധികൃതര്‍ പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങള്‍ കുഴലിലേക്ക് ഈ സമയം മുഴുവന്‍ വെള്ളം പമ്പ് ചെയ്തുകൊണ്ടിരുന്നു. ആയതിനാല്‍ വലിയ അപകടങ്ങളിലേയ്ക്ക് വഴിവെച്ചില്ല. യാതൊരു വിധത്തിലുള്ള സുരക്ഷാ കാര്യങ്ങളും നോക്കാതെ പൈലിങ് നടത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പലരുടെയും ആരോപണം.
ഭൂമിയുടെ പ്രതലത്തില്‍നിന്ന് എട്ടു മീറ്റര്‍ താഴെ താഴ്ത്തിയിരിക്കുന്ന നാല് ഇഞ്ചിന്റെ 25 ബാര്‍ പ്രഷര്‍ പൈപ്പാണ് പൊട്ടിയത്. കുണ്ടന്നൂരില്‍നിന്ന് കരിങ്ങാച്ചിറയിലേക്കുള്ള പ്രകൃതി വാതക ലൈനാണിത്. വാതക പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ഏറെ നേരം വൈറ്റില – തൃപ്പൂണിത്തുറ റോഡില്‍ വാഹന ഗതാഗതം സ്തംഭിച്ചു. വലിയ അപകട സാധ്യതകളുള്ള എണ്ണക്കുഴലുകള്‍ പോകുന്നതും ഈ റോഡിനടിയിലൂടെയാണ്.
Discussion about this post