കണ്ണൂര്‍: വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 90 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. കണ്ണൂര്‍ വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ വിമാനത്തില്‍ നടത്തിയ പരിശോധനയിലാണ് സീറ്റിനടിയില്‍ സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ സ്വര്‍ണം കൊണ്ടുവന്ന ആളെ കണ്ടെത്താനായില്ല.
ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. അബുദാബിയില്‍ നിന്ന് പുലര്‍ച്ചെ 3.45ന് എത്തിയ ഗോ എയര്‍ വിമാനത്തിനുള്ളില്‍ സീറ്റിനടിയിലാണ് സ്വര്‍ണം ഒളിപ്പിച്ചത്. യാത്രക്കാരെ ഇറക്കിയ ശേഷം സുരക്ഷാ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. 90 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് കിലോ 336 ഗ്രാം സ്വര്‍ണ ബിസ്‌കറ്റുകളാണ് പിടികൂടിയത്.
രണ്ട് കെട്ടുകളിലായി പത്ത് സ്വര്‍ണ ബിസ്‌കറ്റുകള്‍ വീതം സെല്ലോ ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു. എന്നാല്‍ ആരാണ് ഇത് കൊണ്ടുവന്നതെന്ന് കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.അതേസമയം, രണ്ടര ലക്ഷം രൂപയുടെ മൂന്ന് കിലോ കുങ്കുമപ്പൂവ് കടത്താന്‍ ശ്രമിച്ച യാത്രക്കാരനായ കാസര്‍കോട് സ്വദേശിയെ പിടികൂടി.
അബുദാബിയില്‍ നിന്നെത്തിയ നൗഫലില്‍ നിന്നാണ് കുങ്കുമപ്പൂവ് കണ്ടെത്തിയത്. സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ഇയാളില്‍ നിന്നും കുങ്കുമപ്പൂവ് കണ്ടെത്തിയത്.
Discussion about this post