കാട്ടാക്കട: മകന്റെ ഒന്നാം ജന്മദിനവും, ഓണവും എല്ലാം ആഘോഷിച്ച് ചിരിച്ചും കളിച്ചും അഖില്‍ മടങ്ങിയത് മരണത്തിലേയ്ക്ക് ആയിരുന്നു. ഇത് കുടുംബത്തെയും നാടിനെയും ഒരുപോലെ സങ്കട കടലിലാഴ്ത്തി. സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണാണ് കാട്ടാക്കട പൂവച്ചല്‍ കുഴയ്ക്കാട് സ്വദേശി അഖില്‍ മരണപ്പെട്ടത്. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനായിരുന്നു ഏക മകന്‍ ദേവരഥിന്റെ പിറന്നാള്‍.
ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഒത്തുചേര്‍ന്ന ആഘോഷത്തിന്റെ ആ അവധിക്കാലത്തിനുശേഷം 23-നായിരുന്നു അഖില്‍ സിയാച്ചിനിലേയ്ക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസവും അഖില്‍ ഭാര്യയെയും മാതാപിതാക്കളെയും ഫോണില്‍ വിളിച്ചിരുന്നു. 200 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുന്നതായും, കടുത്ത തണുപ്പാണെന്നും പറഞ്ഞു. ശേഷം യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പിന്നീട് എത്തിയത് കണ്ണീര്‍ വാര്‍ത്തയായിരുന്നു.
11 വര്‍ഷമായി സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുകയാണ് അഖില്‍. സൈന്യത്തില്‍ നായിക് പദവിയില്‍ മെഡിക്കല്‍ അസിസ്റ്റന്റ് ആയിരുന്നു. ഭാര്യ ഗീതു കാട്ടാക്കട തോട്ടമ്പറ സ്വദേശിയാണ്. അഖിലിന്റെ അച്ഛന്‍ സുദര്‍ശനകുമാര്‍ കൂലിപ്പണിക്കാരനാണ്. അമ്മ സതികുമാരി വീട്ടമ്മയും. ബുദ്ധിമുട്ടികളെ തള്ളി മാറ്റി പഠിച്ച് ഒരാള്‍ സൈനികസേവനം തെരഞ്ഞെടുത്തപ്പോള്‍ സഹോദരന്‍ അക്ഷയ് കേരള പോലീസില്‍ സിവില്‍ പോലീസ് ഓഫീസറായി തിരുവനന്തപുരം നന്ദാവനം എആര്‍ ക്യാമ്പില്‍ ജോലിചെയ്യുകയാണ്.
എല്ലാവര്‍ക്കും നല്ലതുമാത്രം പറയാനുള്ള ചെറുപ്പക്കാരന്റെ അകാലവിയോഗം നാടിനെ ഒന്നടങ്കമാണ് ദുഃഖത്തിലാഴ്ത്തിയത്. ഡിസംബര്‍ മൂന്നിന് സിയാച്ചിനിലെ ടാങ്ധര്‍ സെക്ടറിലും, ഗുറെഷ് സെക്ടറിലുമായി ഉണ്ടായ രണ്ട് അപകടങ്ങളില്‍ ഒന്നിലാണ് അഖിലിന് ജീവഹാനിയുണ്ടായതെന്നാണ് വിവരം. രണ്ടിടങ്ങളിലുമായി നാലുപേരുടെ ജീവനാണ് പൊലിഞ്ഞത്.
ശ്രീനഗര്‍ സൈനിക ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാത്രി പത്തോടെ തിരുവനന്തപുരത്ത് എത്തിക്കും. പാങ്ങോട് മിലിട്ടറി സ്റ്റേഷനില്‍ പൊതുദര്‍ശനത്തിനുശേഷം വെള്ളിയാഴ്ച രാവിലെ 7.30-ന് പാങ്ങോട് നിന്നും തിരിച്ച് കാട്ടാക്കട പൂവച്ചല്‍ കുഴയ്ക്കാട് ഗവ. സ്‌കൂളില്‍ പൊതുദര്‍ശനത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
Discussion about this post