മാവേലിക്കര: സംസ്ഥാനത്തിന്റെ ഗോത്ര പാരമ്പര്യത്തിന്റെ മുതൽക്കൂട്ടായ തനത് ഉത്പന്നങ്ങളുമായി ഗദ്ദിക മേള ആകർഷകമാകുന്നു. കേരളത്തിന്റെ ഗോത്ര പാരമ്പര്യം സംരക്ഷിക്കാനും പുതുതലമുറയിലേക്ക് പകർന്നു നൽകാനും സഹായിക്കുന്ന ഗദ്ദിക മേളയ്ക്ക് മാവേലിക്കരയിൽ തുടക്കമായി. 10 ദിവസം നീളുന്ന ഗദ്ദിക മേളയാണ് മാവേലിക്കരയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തിരിക്കുന്നത്. പട്ടികജാതി പട്ടികവർഗ ജനവിഭാഗങ്ങളുടെ സവിശേഷ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയുമാണ് മേളയുടെ മുഖ്യ ആകർഷണം. അവരുടെ കലകളുടെ അവതരണവും മേളയിൽ നടക്കും. പട്ടികജാതി, പട്ടികവർഗ വികസന വകുപ്പുകളും കിർത്താഡ്‌സും ചേർന്നാണ് മേളയൊരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും സാംസ്‌കാരിക സമ്മേളനവും മേള നഗരിയിൽ നടക്കുന്നുണ്ട്.
അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്ന ഗോത്ര ഉത്പന്നങ്ങളെ തെരഞ്ഞുപിടിച്ച് മികച്ച വേദിയൊരുക്കി നൽകുകയാണ് ഗദ്ദിക. പട്ടികജാതി വികസന വകുപ്പിന്റെ 61 സ്റ്റാളുകളും പട്ടികവർഗ വികസന വകുപ്പിന്റെ 19 സ്റ്റാളുകളും ഗദ്ദിക മേള നഗരിയിലുണ്ട്. ഇതുകൂടാതെ അഞ്ച് ആദിവാസി പാരമ്പര്യ വൈദ്യ സ്റ്റാളുകളും ഗോത്ര രുചികളുടെ രണ്ട് സ്റ്റാളുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരുവിഭാഗം ജനങ്ങളുടെ കാലങ്ങളായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന സവിശേഷമായ മികവുകളും ഉൽപ്പന്നങ്ങളും ജനകീയമാക്കുകയാണ് മേളയുടെ പ്രധാന ലക്ഷ്യം. അതുവഴി അവർക്ക് ഒരു വരുമാനമാർഗ്ഗം സൃഷ്ടിക്കാനും ഈ മേളയിലൂടെ സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ ശാക്തീകരണത്തിന് നിരവധി വികസന പദ്ധതികളും ക്ഷേമ സംവിധാനങ്ങളും സംസ്ഥാന സർക്കാരിന്റേതായുണ്ട്. എന്നാൽ അതു മാത്രം പോരാ. സാമൂഹ്യമായും സാമ്പത്തികമായും സ്വയം ശാക്തീകരിക്കാനുള്ള അവരുടെ ശ്രമങ്ങൾക്ക് ക്രിയാത്മകമായ പിന്തുണ നൽകാനാണ് ഗദ്ദികയിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ വികസന വകുപ്പ് മന്ത്രി എകെ ബാലൻ ഗദ്ദിക ഉദ്ഘാടന വേദിയിൽ പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് വിളക്ക് തെളിയിച്ച് മേള ഉദ്ഘാടനം ചെയ്തത്. വകുപ്പിന്റെ വിവിധ സേവനങ്ങൾ ലഭിക്കുന്ന മൊബൈൽ ആപ്പും ഗവർണർ ഉദ്ഘാടനം ചെയ്തിട്ടുണ്ട്.
മാവേലിക്കരയിലെ ഗദ്ദിക മേളയിൽ നേരിട്ടെത്തി ഉത്പന്നങ്ങൾ വാങ്ങാൻ സാധിക്കാത്തവർക്കായി ഓൺലൈനിലൂടെ ഇവ സ്വന്തമാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ 200 തനത് ഉൽപന്നങ്ങൾ ആമസോണിലൂടെ വാങ്ങാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഗുണമേന്മയേറിയതും പരിസ്ഥിതി സൗഹാർദ്ദപരവുമായ ഉൽപ്പന്നങ്ങളാണ് ആമസോണിലൂടെ ലഭ്യമാക്കിയിട്ടുള്ളത്. ഇതിലൂടെ ലോകത്തെവിടെ നിന്നും ഒറ്റക്ലിക്കിലൂടെ കേരളത്തിന്റെ പാരമ്പര്യ ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കും. ആമസോണിൽ കയറി ഗദ്ദിക എന്ന് ടൈപ്പ് ടെയ്ത് സെർച്ച് കൊടുത്താൽ ഈ ഉൽപ്പന്നങ്ങളുടെ ലിസ്റ്റ് വരും.
മുള ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കൾ, തേങ്ങ കൊണ്ടും ചിരട്ട കൊണ്ടും ഉള്ള നിർമിതികളും മനോഹരമായ ആഭരണങ്ങളും ഭക്ഷ്യോൽപ്പന്നങ്ങളും കൂടാതെ വസ്ത്രങ്ങളും ലോകപ്രശസ്തമായ വയനാടൻ മഞ്ഞൾ, കുരുമുളക് ,തേൻ ,വിവിധ തരം അച്ചാറുകൾ ,മുളയിൽ തീർത്ത പുട്ടുകുറ്റി, റാന്തൽ ലൈറ്റ്, ചിരട്ട പുട്ട് മേക്കർ, മുളയിൽതീർത്ത ജഗ്ഗും മഗ്ഗും, വാട്ടർ ബോട്ടിൽ, മുളകൊണ്ടുള്ള വിശറി, തേങ്ങകൊണ്ടുണ്ടാക്കിയ കൂജ, സ്ത്രീകളുടെ പേഴ്സ്, ബാഗ്, പാളത്തൊപ്പി എന്നിങ്ങനെ പാരമ്പര്യ ഉൽപ്പന്നങ്ങളുടെ വലിയ നിരതന്നെ ലഭ്യമാണ്. മുള, ചിരട്ട, വനത്തിലെ ഈടുറ്റ തടികൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ചവയാണ് എല്ലാം.
ഉത്പന്നങ്ങൾ ആവശ്യക്കാർക്ക് സമയ ബന്ധിതമായി നൽകാനും ഉത്പന്നങ്ങളുടെ ഗുണമേന്മ വർന്ധിപ്പിക്കാനും ആവശ്യമായ പരിശീലന പരിപാടികളും സംരംഭകർക്ക് വകുപ്പ് നൽകുന്നുണ്ട്. ഗദ്ദിക മേളയും ഓൺലൈനിലൂടെയുള്ള ഉത്പന്നങ്ങളുടെ വിൽപ്പനയും കേരളത്തിലെ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട സ്വയം തൊഴിൽ സംരംഭകർക്ക് പുതിയ സാധ്യതകളാണ് തുറന്നുകൊടുക്കുന്നത്.
Discussion about this post