കൊച്ചി: കൊച്ചിയിൽ വെച്ച് നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ വിചാരണ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ട സാഹചര്യത്തിൽ വിചാരണ മനഃപൂർവ്വം നീട്ടികൊണ്ടുപോകാൻ ശ്രമിച്ച് പ്രതിയായ ദിലീപ്. തെളിവുകളുടെ സമ്പൂർണ്ണ ഡിജിറ്റൽ പകർപ്പ് ആവശ്യപ്പെട്ട് നടൻ വീണ്ടും അപേക്ഷ നൽകി വാദം നടത്തിയിരിക്കുകയാണ്. അന്വേഷണ സംഘം ഡിജിറ്റൽ തെളിവുകളായി ശേഖരിച്ച 32 ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നു പകർത്തിയ തെളിവുകളുടെ സമ്പൂർണ പകർപ്പ് ആവശ്യപ്പെട്ടാണ് വിചാരണക്കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. ഇര ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ടു ദിലീപ് നൽകിയ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപിന്റെ പുതിയ അപേക്ഷ.
അതേസമയം, യുവനടിയെ തട്ടിക്കൊണ്ടു പോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ വിചാരണക്കോടതി പ്രതികൾക്കെതിരെ ഇന്നലെ കുറ്റം ചുമത്തിയില്ല. കേസിലെ മുഖ്യപ്രതി നടൻ ദിലീപ് അവധി അപേക്ഷ നൽകി വിട്ടുനിന്നു. ഡിജിറ്റൽ തെളിവുകളുടെ പകർപ്പിനായി നൽകിയ അപേക്ഷയിൽ വാദപ്രതിവാദങ്ങൾ നടന്നു. പ്രതി ദിലീപിന്റെ 3 മൊബൈൽ ഫോണുകളിൽ നിന്നു കണ്ടെത്തിയവ അടക്കം തെളിവായി ശേഖരിച്ച 32 ഇലക്ട്രോണിക് ഉപകരണങ്ങളിലും കേസുമായി നേരിട്ടു ബന്ധമില്ലാത്ത പലരുടെയും സ്വകാര്യത ഹനിക്കുന്ന ദൃശ്യങ്ങളുണ്ടെന്നും ഇതു നൽകാനാകില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.
കേസുമായി നേരിട്ടു ബന്ധമില്ലാത്ത ഇത്തരം ദൃശ്യങ്ങളുടെ സമ്പൂർണ പകർപ്പ് ആവശ്യപ്പെടാൻ കേസിലെ പ്രതിയായ ദിലീപിനു അവകാശമില്ല. പ്രതിഭാഗം ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ കേസുമായി ബന്ധമില്ലാത്തവരുടേതാണ്. ഇത്തരം ദൃശ്യങ്ങളിൽ ഉൾപ്പെടുന്നവർ പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. അവരാരും കുറ്റക്കാരോ ഇരകളോ അല്ല. ഇത്തരക്കാരുടെ സ്വകാര്യതയെ ഹനിക്കുന്ന ദൃശ്യങ്ങൾ ആവശ്യപ്പെടാൻ പ്രതിഭാഗത്തിന് അവകാശമില്ല. കേസിലെ നിർണായക സാക്ഷികളായ ചിലരുടെ മൊബൈൽ ഫോണുകളിൽ നിന്നും ലഭിച്ച അവരുടെ സ്വകാര്യ ദൃശ്യങ്ങൾ ഇത്തരം സാക്ഷികളെ സ്വാധീനിക്കാൻ ദുരുപയോഗപ്പെടുത്തിയേക്കും എന്ന ആശങ്കയും പ്രോസിക്യൂഷൻ പങ്കുവെച്ചു.
എന്നാൽ ഡിജിറ്റൽ രേഖകൾക്കു കേസുമായി ബന്ധമുണ്ടോ ഇല്ലയോ എന്നു ബോധ്യപ്പെടണമെങ്കിൽ ഇത്തരം തെളിവുകൾ പരിശോധിക്കേണ്ടിവരുമെന്നും പ്രതിയുടെ നിരപരാധിത്വം തെളിയിക്കാൻ അതാവശ്യമാണെന്നും പ്രതിഭാഗം വാദിച്ചു. അതേസമയം, വിചാരണ 6 മാസത്തിനകം പൂർത്തിയാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിട്ടും അനാവശ്യ ഹർജികൾ സമർപ്പിച്ചു നടപടികൾ വൈകിപ്പിക്കാനാണു പ്രതിഭാഗം ഇപ്പോഴും ശ്രമിക്കുന്നതെന്നു പ്രോസിക്യൂഷൻ കുറ്റപ്പെടുത്തി. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട കോടതി കേസ് 11 നു വീണ്ടും പരിഗണിക്കും.
പുറത്തുനിന്നുള്ള വിദഗ്ധരുടെ സാന്നിധ്യത്തിൽ കേസിലെ നിർണായക ദൃശ്യങ്ങൾ പരിശോധിക്കാൻ രണ്ടാഴ്ച സമയം ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതിനായി ഇത്രയും സമയം അനുവദിക്കാൻ കഴിയില്ലെന്നു പ്രത്യേക കോടതി ജഡ്ജി ഹണി എം വർഗീസ് വാക്കാൽ പറഞ്ഞു. കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഒമ്പതാം പ്രതി പത്തനംതിട്ട സ്വദേശി സനൽകുമാറിന്റെ 2 ജാമ്യക്കാരെയും നേരിട്ടു വിളിച്ചു വരുത്തിയ കോടതി 11 നു പ്രതിയെ കോടതി മുൻപാകെ ഹാജരാക്കാൻ നിർദേശം നൽകി.