തിരുവനന്തപുരത്ത്: തിരുവനന്തപുരത്ത് പട്ടിണി കാരണം അമ്മ ശിശുക്ഷേമസമിതിയെ ഏല്‍പിച്ച കുട്ടികള്‍ ഇന്നുമുതല്‍ സ്‌കൂളിലേക്ക്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ കുട്ടികളെ ഇന്ന് സ്‌കൂളിലയക്കും. ഇവരുടെ ആരോഗ്യപരിശോധന പൂര്‍ത്തിയായിട്ടുണ്ട്. രണ്ട് കുട്ടികള്‍ക്ക് അണുബാധയുണ്ട്. അച്ഛന്‍ ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നെന്ന കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ശിശുക്ഷേമ സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
അതേസമയം, സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷനും ശിശുക്ഷേമ സമിതിയും തമ്മിലുള്ള ഭിന്നത രൂക്ഷമാവുകയാണ്. കുട്ടികള്‍ മണ്ണ് തിന്നിരുന്നു എന്നത് കേട്ടുകേള്‍വി മാത്രമാണെന്നും സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പ്രതികരിച്ചു.
കൈതമുക്കില്‍ അതിദാരുണമായ സാഹചര്യത്തില്‍ കഴിഞ്ഞ കുടുംബത്തിലെ കുട്ടികള്‍ പട്ടിണി മാറ്റാന്‍ മണ്ണ് തിന്നിരുന്നു എന്ന കണ്ടെത്തലില്‍ ഉറച്ചുനില്‍ക്കുകയാണ് ശിശുക്ഷേമ സമിതി. എന്നാല്‍ ഈ കണ്ടെത്തല്‍ ബാലാവകാശ കമ്മീഷന്‍ പൂര്‍ണമായും തള്ളികളയുകയാണ്. തെറ്റായ മൊഴിയുണ്ടാക്കിയെന്നാണ് ബാലാവകാശ കമ്മീഷന്റെ ആരോപണം.
Discussion about this post