കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലില്‍ പ്രതികളുടെ അക്രമത്തില്‍ ജയില്‍ അധികൃതര്‍ക്ക് പരിക്ക്. ആറ് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാര്‍ക്കാണ് പരിക്കേറ്റത്. മോഷണക്കേസ് പ്രതികളായ അമ്പായത്തോട് അഷ്‌റഫ്, ഷമീം എന്നിവരാണ് ആക്രമിച്ചത്.
ഭക്ഷണം കഴിക്കാനായി പ്രതികളെ സെല്ലില്‍ നിന്ന് പുറത്തിറക്കിയ സമയത്താണ് റിമാന്റില്‍ കഴിയുന്ന അമ്പായത്തോട് അഷ്‌റഫ്, ഷമീം എന്നിവര്‍ കോഴിക്കോട് ജില്ലാ ജയിലിലെ വാര്‍ഡന്മാരെ അക്രമിച്ചത്. മോഷണം, പിടിച്ചുപറി കേസില്‍ റിമാന്റിലാണ് ഇരുവരും. കോടതിയില്‍ ഹാജരാക്കുന്നില്ല എന്ന് പറഞ്ഞ് ഷമീമാണ് അക്രമം തുടങ്ങിയത്.
അഷ്‌റഫ് ഷമീമിനൊപ്പം ചേര്‍ന്നതോടെ രംഗം കൂടുതല്‍ വഷളായി. ഒഴിഞ്ഞ ഗ്യാസ് സിലിണ്ടര്‍ എടുത്തെറിഞ്ഞും, ഗ്ലാസുകള്‍ തല്ലിപ്പൊട്ടിച്ചും രണ്ടും പേരും ജയിലിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആണി ഉപയോഗിച്ചുള്ള അക്രമത്തിലാണ് വാര്‍ഡന്മാര്‍ക്ക് പരിക്കേറ്റത്. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ അബ്ദുള്ള നിഷാദ്, ഇര്‍ഷാദ്, ജര്‍മ്മിയാസ്, സതീഷ്, പ്രസാദ്, ഷിബിന്‍ ലാല്‍ എന്നിവര്‍ക്ക് പരിക്കേറ്റു. കൂടുതല്‍ വാര്‍ഡന്മാര്‍ എത്തിയാണ് രണ്ട് പേരേയും കീഴ്‌പ്പെടുത്തിയത്. പരിക്കേറ്റവര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി.
സ്ഥിരമായി മയക്ക് മരുന്ന് ഉപയോഗിക്കൂന്നവരാണ് പ്രതികള്‍. ഇത് ലഭിക്കാത്തതാണ് പ്രകോപനത്തിന് കാരണമെന്ന് കരുതുന്നു. സംഭവത്തില്‍ കോഴിക്കോട് കസബ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അമ്പായത്തോട് അഷ്‌റഫ് മോഷണ ശ്രമത്തിനിടെ 8 മണിക്കൂറിനകം വീണ്ടും പിടിയിലാവുകയായിരുന്നു.
സ്ഥിരം കുറ്റവാളിയായ ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത ഘട്ടത്തില്‍ തലതല്ലിപ്പൊട്ടിച്ച് പ്രശ്‌നമുണ്ടാക്കിയിരുന്നു. അക്രമികളായ പ്രതികളെ വിയ്യൂരിലെ ഹൈ സെക്യൂരിറ്റി ജയിലിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് ജയില്‍ ഡി ജി പിക്ക് ജില്ലാ ജയില്‍ സുപ്രണ്ട് കത്ത് നല്‍കി.
Discussion about this post