തിരുവനന്തപുരം: മരണപ്പെട്ട മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ മൊബൈൽ ഫോൺ ആരോ ഉപയോഗിക്കുന്നുണ്ട് എന്നതിന്റെ സൂചന നൽകി നിർണായക വഴിത്തിരിവ്. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ഓടിച്ച വാഹനമിടിച്ച് കെഎം ബഷീർ കൊല്ലപ്പെട്ടിട്ട് നാല് മാസങ്ങൾ പിന്നിടുന്നതിനിടെയാണ് മൊബൈൽ ഫോണിനെ കുറിച്ച് വിവരം ലഭിക്കുന്നത്. വാട്‌സ്ആപ്പിനായി ബഷീർ ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ ഇദ്ദേഹം അംഗമായ മാധ്യമ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽനിന്നും കുടുംബ ഗ്രൂപ്പിൽനിന്നും ഇന്നലെ രാത്രിയോടെ ലെഫ്റ്റായതായി കാണിക്കുന്നത്. ഇതോടെ കേസിൽ ദുരൂഹത വർധിക്കുകയാണ്. ബഷീർ ‘ലെഫ്റ്റ്’ എന്ന് വിവിധ മാധ്യമ ഗ്രൂപ്പുകളിലും കുടുംബഗ്രൂപ്പുകളിലും സന്ദേശം ലഭിച്ചു.
ഇതോടെയാണ് ഫോൺ ആരോ ഉപയോഗിക്കുന്നതായി സംശയം ഉണ്ടായത്. പോലീസ് സംഭവത്തിൽ സൈബർ വിദഗ്ധരുടെ ഉപദേശം നേടിയിട്ടുണ്ട്. നേരത്തെ മറ്റേതെങ്കിലും സിം ഫോണിൽ ഉപയോഗിക്കുന്നുണ്ടോയെന്നറിയാൻ ക്രൈംബ്രാഞ്ച് ഐഎംഇഐ നമ്പർ പരിശോധിച്ചെങ്കിലും കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.
വിദഗ്ധ അഭിപ്രായം തേടിയതിൽ നിന്നും വ്യക്തമാകുന്നത് ഇതു ബഷീറിന്റെ കാണാതായ ഫോണിലെ വാട്‌സ്ആപ്പ് ആരെങ്കിലും അൺഇൻസ്റ്റാൾ ചെയ്യുകയോ റീഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ നമ്പർ ലെഫ്റ്റ് ആയെന്ന സന്ദേശം വരാം. ബഷീറിന്റെ വാട്ട്‌സ്ആപ്പ് ലഭിക്കാൻ ഫോണിൽ ബഷീറിന്റെ സിം വേണമെന്നില്ല. ഫോൺ നമ്പർ ഒരുതവണ റജിസ്റ്റർ ചെയ്താൽ സിം ഇട്ടില്ലെങ്കിലും വൈഫൈ ഉപയോഗിച്ചും ഫോണിൽ വാട്സാപ് കിട്ടും. കുറച്ചുകാലം ഫോൺ ഉപയോഗിക്കാതിരുന്നാൽ വാട്സാപ് ഗ്രൂപ്പുകളിൽനിന്ന് സ്വയം ലെഫ്റ്റ് ആകാനുള്ള സാധ്യതയില്ലെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്.
ഓഗസ്റ്റ് മൂന്നാം തീയതി രാത്രിയാണ് മ്യൂസിയം ജംഗ്ഷനു സമീപമുള്ള പബ്ലിക് ഓഫീസിനു മുന്നിൽവച്ച് കെഎം ബഷീർ വാഹനാപകടത്തിൽ മരിക്കുന്നത്. അപകടം നടന്ന സ്ഥലത്ത് നഷ്ടപ്പെട്ട ഫോൺ പോലീസിന് ഇതുവരെ കണ്ടെത്താനായിരുന്നില്ല. അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഫോണിലേക്കു സഹപ്രവർത്തകർ വിളിച്ചെങ്കിലും ആരും ഫോണെടുത്തിരുന്നില്ല. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ഫോൺ കണ്ടെത്തേണ്ടത് നിർണ്ണായകമാണ്. അതിനിടെയാണ് ദുരൂഹത വർധിപ്പിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നും അദ്ദേഹം ലെഫ്റ്റ് ആയിരിക്കുന്നത്.