ചെന്നൈ: മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എന്തുകൊണ്ട് സിബിസിഐഡിക്ക് കൈമാറുന്നില്ലെന്ന് ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതി. മദ്രാസ് ഐഐടിയിൽ 2006 മുതൽ നടന്ന ആത്മഹത്യകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദളിന്റെ ഹർജിയിലാണ് കോടതി പരാമർശം.
അതേസമയം, ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും നിലവിൽ സിബിസിഐഡിയുടെ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു തമിഴ്നാട് സർക്കാർ കോടതിയെ അറിയിച്ചത്.
ഫാത്തിമയുടെ മരണത്തിൽ തമിഴ്‌നാട് പോലീസ് നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ചാണ് ലോക് താന്ത്രിക് യുവജനതാദൾ ഹർജി സമർപ്പിച്ചത്. വിദ്യാർത്ഥി ആത്മഹത്യകൾ തടയുന്നതിനുള്ള നടപടികൾക്ക് ഐഐടി അധികൃതർ തയ്യാറാകുന്നില്ലെന്നും ഹർജിയിൽ പറയുന്നു. ലോക് താന്ത്രിക് യുവജനതാദളിനുവേണ്ടി ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഐഐടി അധികൃതർക്ക് ഉന്നത സ്വാധീനമുള്ളതിനാൽ ലോക്കൽ പോലീസ് നീതിപൂർവമായി അന്വേഷണം നടത്തുമെന്ന വിശ്വാസമില്ലെന്നും അതിനാൽ സി.ബി.ഐ. അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
Discussion about this post