കോട്ടയം: 2018ലെ മഹാപ്രളയത്തിൽ വലിയനഷ്ടങ്ങൾ സംഭവിച്ചവർക്ക് തിരിച്ചടിയായി പുതിയ സർക്കാർ നിർദേശം. അധികമായി ലഭിച്ച പ്രളയ ധനസഹായം തിരിച്ചടയ്ക്കാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. അധിക പ്രളയധനം തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് പ്രളയബാധിതർക്ക് തഹസിൽദാറാണ് കത്തയച്ചിരിക്കുന്നത്. തുക തിരിച്ചടച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നുകാട്ടി കോഴഞ്ചേരി തഹസിദാറാണ് കത്തയച്ചത്. നോട്ടീസ് ലഭിച്ചതോടെ ധനസഹായമായി ലഭിച്ച തുകകൊണ്ട് വീട് പുനരുദ്ധാരണം ഉൾപ്പടെയുള്ള ആവശ്യങ്ങൾക്കായി ചെലവഴിച്ചവർ ബുദ്ധിമുട്ടിലായി.
2018ലുണ്ടായ നൂറ്റാണ്ടിലെ പ്രളയത്തിൽ വീടുതകർന്നവർക്ക് തുക അനുവദിച്ചപ്പോൾ ലഭിച്ച അധികതുകയാണ് തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോഴഞ്ചേരി തഹസിൽദാർ നോട്ടീസ് അയച്ചിരിക്കുന്നത്. ധനസഹായത്തിൽ ഇരട്ടിപ്പായി ലഭിച്ച തുക തിരിച്ചടയ്ക്കണമെന്നാണ് നിർദേശം. പ്രളയത്തിൽ വീട് ഭാഗികമായി തകർന്ന കോഴഞ്ചേരി സ്വദേശി ഗിരീഷ് കുമാറിന് 1,80,000 രൂപയാണ് ധനസഹായം ലഭിച്ചത്. ഇതിൽ 60,000 രൂപ തിരിച്ചടയ്ക്കാനാണ് നിർദ്ദേശം.
കോഴഞ്ചേരിയിൽ 24ലധികം കുടുംബങ്ങൾക്ക് ഇത്തരത്തിൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ധനസഹായം വീടുപുനരുദ്ധാരണത്തിനായി ചിലവഴിക്കുകയും ചെയ്തിട്ടുണ്ട് ഇവരെല്ലാം. എന്നാൽ തുക തിരിച്ചടയ്ക്കണമെന്ന നിർദേശം വന്നതോടെ ഇവർ പ്രതിസന്ധിയിലാണെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.
തഹസിൽദാറുടെ നോട്ടീസ് ലഭിച്ചതോടെ ചിലർ കഴിയാവുന്ന തുക തിരിച്ചടച്ചെങ്കിലും മിക്കവരും എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. പ്രളയബാധിതർ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ നടപടി ഒന്നും ആയിട്ടില്ല.
Discussion about this post