തിരുവനന്തപുരം: പട്ടിണി കാരണം നാലുമക്കളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ അമ്മയ്ക്ക് തിരുവനന്തപുരം നഗരസഭയില്‍ താല്‍ക്കാലിക ജോലി. ശുചീകരണ വിഭാഗത്തിലാണ് കുട്ടികളുടെ അമ്മയ്ക്ക് ജോലി ലഭിച്ചത്. ജോലി നല്‍കിയതായുള്ള അറിയിപ്പ് തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ യുവതിക്ക് കൈമാറി.
ഇന്നലെയാണ് പട്ടിണികാരണം ദുരിതം അനുഭവിക്കുന്ന അമ്മയുടെയും ആറ് കുട്ടിളുടെയും വാര്‍ത്ത് പുറത്ത് വന്നത്. കേരളത്തെ ഞെട്ടിച്ച ദാരുണ സംഭവമായിരുന്നു അത്.
തുടര്‍ന്നാണ്, യുവതിക്ക് നഗരസഭയില്‍ ജോലി നല്‍കാമെന്ന് മേയര്‍ വാഗ്ദാനം ചെയ്തത്. യുവതിക്കും കുടുംബത്തിനും താമസിക്കാന്‍ നഗരസഭയുടെ ഫ്‌ലാറ്റുകളിലൊന്ന് നല്‍കാമെന്നും മേയര്‍ പറഞ്ഞിരുന്നു.
അതേസമയം, പട്ടിണികാരണം അമ്മ നാല് കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം കേരളത്തിന് ലജ്ജാകരമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇത്തരം വേദനാജനകമായ വാര്‍ത്തകള്‍ കേരളത്തില്‍ നിന്ന് ഇനി ഉണ്ടാകാതിരിക്കട്ടെയെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.