തിരുവനന്തപുരം: തലസ്ഥാനത്ത് ശിശുക്ഷേമ സമിതി സംരക്ഷണം ഏറ്റെടുത്ത നാല് കുട്ടികളുടെ പിതാവിനെതിരെ കേസ് എടുക്കും. മദ്യപിച്ച് പിതാവ് നിരന്തരമായി കുട്ടികളെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് കേസ്. കുട്ടികളാണ് പിതാവിനെതിരെ മൊഴി നല്‍കിയത്.
ഇന്നലെയാണ് കൈതമുക്കിലെ പുറമ്പോക്കിലെ ഷെഡില്‍ കഴിയുന്ന കുടുംബത്തിലെ നാല് മക്കളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തത്. തിരുവനന്തപുരം ശിശുക്ഷേമസമിതി ഓഫീസില്‍ കുട്ടികളുടെ അമ്മ അപേക്ഷ നല്‍കിയിരുന്നു. പ്രാഥമികമായി നടത്തിയ പരിശോധനയില്‍ കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ കാണുന്നുണ്ട്. കുട്ടികളെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം.
നാളെ മുതല്‍ കുട്ടികളെ സ്കൂളിലേക്ക് അയക്കുമെന്നും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ദീപക് പറഞ്ഞു. ആറു കുട്ടികളാണ് ഇവര്‍ക്ക്. മൂത്തയാള്‍ക്ക് 7 വയസ്സും ഏറ്റവും ഇളയ ആള്‍ക്ക് മൂന്ന് മാസവുമാണ് പ്രായം. കൂലിപ്പണിക്കാരനാണ് ഭര്‍ത്താവ്. വിശപ്പടക്കാന്‍ മൂത്ത കുട്ടി മണ്ണ് വാരി തിന്നിരുന്നു.
റേഷന്‍ കാര്‍ഡോ, മറ്റ് സര്‍ക്കാര്‍ രേഖകളോ ഇല്ലാത്ത കുടുംബത്തിന് കൊടിയ ദാരിദ്ര്യം കണക്കിലെടുത്ത് ഫ്ലാറ്റ് നല്‍കുമെന്നാണ് നഗരസഭാ വാഗ്ദാനം. തിരുവനന്തപുരം നഗരസഭയില്‍ ഇന്ന് തന്നെ താല്‍ക്കാലിക ജോലി നല്‍കുമെന്നാണ് മേയറുടെ വാഗ്ദാനം.