തൃശ്ശൂര്‍: വാഹനപരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ ജോഷ് ട്രാവല്‍സ് നികുതി വെട്ടിപ്പിന് പിടിയില്‍. തൊടുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോഷ് ട്രാവല്‍സിന്റെ ബസ് നികുതി വെട്ടിപ്പിന് തൃശ്ശൂരില്‍ നിന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്.
ഓര്‍ഡിനറി ബസിന്റെ നികുതി അടച്ചശേഷം ലക്ഷ്വറി സര്‍വ്വീസ് നടത്തിയ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുകയായിരുന്നു. പരിശോധനയില്‍ വാഹനത്തില്‍ അനധികൃതമായി പുഷ്ബാക്ക് സീറ്റ് ഘടിപ്പിച്ച് സര്‍വ്വീസ് നടത്തുന്നതായി കണ്ടെത്തി. സാധാരണ സീറ്റിനുള്ള നികുതിയാണ് ജോഷ് ട്രാവല്‍സ് അധികൃതര്‍ അടച്ചിരുന്നത്.
സാധാരണ സീറ്റൊന്നിന് 750 രൂപയാണ് നികുതി. പുഷ് ബാക്ക് സീറ്റിന് 1000 രൂപ നല്‍കണം. കൂടിയ നികുതി ഒഴിവാക്കാന്‍ പെര്‍മിറ്റ് പരിശോധന സമയത്ത് ബസില്‍ സാധാരണ സീറ്റ് ഘടിപ്പിക്കും. പരിശോധന പൂര്‍ത്തിയായാല്‍ സീറ്റ് മാറ്റി പുഷ്ബാക്കാക്കി നിരത്തിലിറക്കും. എന്തായാലും മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ വന്‍ തട്ടിപ്പാണ് ജോഷ് ട്രാവല്‍സിന്റെ പൊളിഞ്ഞത്. ഇത്തരത്തില്‍ ഈ ബസ് മാസങ്ങളായി സര്‍വ്വീസ് നടത്തിയിരുന്നെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് ജോഷ് ട്രാവല്‍സിന് രണ്ടേമുക്കാല്‍ ലക്ഷം രൂപ പിഴ ചുമത്തി.
കഴിഞ്ഞ ദിവസമാണ് വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വെഹിക്കിള്‍ അസി. ഇന്‍സ്പെക്ടറെ ജോഷ് ട്രാവല്‍സ് ഉടമ ഭീഷണിപ്പെടുത്തിയത്. ബസിലെ വേഗപ്പൂട്ട് വിച്ഛേദിച്ചതിന് നടപടി എടുത്തതിനായിരുന്നു ഭീഷണി. ജോഷിന്റെ കൂടുതല്‍ ബസുകളില്‍ നിയമലംഘനമുണ്ടോ എന്ന് കണ്ടെത്താന്‍ വരും ദിവസങ്ങളില്‍ പരിശോധന നടത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
Discussion about this post