തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈക്കോടതി നിർദേശ പ്രകാരം ഡിസംബർ ഒന്ന് മുതൽ ഇരുചക്രവാഹനത്തിന്റെ പിന്നിലിരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയിരിക്കുകയാണ്. ജനങ്ങൾക്ക് ഇത് പുതിയ ശീലമായതിനാൽ തന്നെ ഇരുചക്ര വാഹനത്തിൽ രണ്ട് പേർക്കും ഹെൽമെറ്റ് ധരിക്കാൻ ചെറിയൊരു മടിയും കാണിക്കുന്നുണ്ട്. എന്നാൽ പിന്നെ ജനങ്ങളെ ബോധവത്കരിക്കുന്നതിന് ഒപ്പം പ്രചോദിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായി കേരളാ പോലീസ് തന്നെ നേരിട്ട് രംഗത്ത് ഇറങ്ങിയിരിക്കുകയാണ്.
ഇരുചക്രവാഹനത്തിന്റെ പിന്നിൽ ഹെൽമെറ്റില്ലാതെ ഇരിക്കുന്നത് കണ്ടാൽ ആദ്യതവണ താക്കീത് നൽകി വിട്ടയയ്ക്കും. എന്നാൽ രണ്ടാം തവണ പിഴയുണ്ടാകും. അഞ്ഞൂറ് രൂപയാണ് പിഴത്തുക. ഇതൊഴിവാക്കാനായി കേരളാ പോലീസ് ഹെൽമെറ്റ് ചലഞ്ച് എന്ന ഹാഷ്ടാഗാണ് അവതരിപ്പിച്ചിരിക്കുന്നത്.
”ഹെൽമെറ്റ് ധരിച്ചുകൊണ്ട് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന ചിത്രങ്ങൾ അയച്ചു തരൂ, മികച്ച ചിത്രങ്ങൾ ഞങ്ങൾ പോസ്റ്റ് ചെയ്യുന്നതാണ്” എന്നാണ് ഓദ്യോഗിക പേജിൽ കുറിച്ചിരിക്കുന്നത്. നാം രണ്ട് നമുക്ക് രണ്ട് എന്ന വാചകത്തിന് പുതിയൊരു നിർവ്വചനം കൂടി നൽകിയിരിക്കുകയാണ് കേരളാ പോലീസ്. രണ്ട് യാത്രക്കാർക്ക് വെവ്വേറെയായ രണ്ട് ഹെൽമെറ്റ് എന്നാണ് ഇതിലൂടെ പോലീസ് ആഹ്വാനം ചെയ്യുന്നത്.
ചിത്രങ്ങൾ, വിവരങ്ങൾ സഹിതം [email protected] എന്ന ഇ മെയിൽ വിലാസത്തിൽ അയക്കാനാണ് കേരളാ പോലീസ് അറിയിച്ചിരിക്കുന്നത്. ഹെൽമെറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിരവധി ബോധവത്ക്കരണ പരിപാടികൾ ഇതിനകം ആവിഷ്കരിച്ചിട്ടുണ്ട്.
Discussion about this post