തിക്കോടി: പ്രളയത്തിൽ മുങ്ങി കേരളക്കര കരഞ്ഞുകൊണ്ട് സഹായം അഭ്യർത്ഥിച്ചപ്പോൾ സൈന്യം പോലും മടിച്ച പലയിടത്തും രക്ഷാപ്രവർത്തനത്തിന് എത്തിയത് കേരളത്തിന്റെ സൈന്യമായ മത്സ്യത്തൊഴിലാളികൾ ആയിരുന്നു. ഈ മത്സ്യത്തൊഴിലാളികളുടെ കൂട്ടത്തിൽ മുന്നിൽ നിന്നും രക്ഷാപ്രവർത്തനം നയിച്ച, രണ്ട് ആഴ്ചയോളം രക്ഷാപ്രവർത്തകനായ സുരാജ് ഇന്ന് ആരും തിരിഞ്ഞുനോക്കാനില്ലാതെ ദുരിതക്കയത്തിലാണ്. ഒരു അപകടമാണ് സുരാജിന് തിരിച്ചടിയായത്. രക്ഷാപ്രവർത്തനത്തിനിടെയായിരുന്നു ആ അപകടവും. ഒരു കാല് നഷ്ടപ്പെട്ട് പരസഹായമില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാത്ത സ്ഥിതിയിലാണ് 46കാരനായ തിക്കോടി കോടിക്കൽ കഞ്ഞിപ്പുരയിൽ സുരാജ്. പല ദുരന്തസന്ദർഭങ്ങളിൽ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി ഒട്ടേറെപ്പേരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ സുരാജ് ഇന്ന് ഒരു സഹായഹസ്തത്തിനായി അപേക്ഷിക്കുകയാണ്.
സെപ്റ്റംബർ 26-ന് തിക്കോടി-കോടിക്കൽ കടലിൽ ബോട്ട് അപകടത്തിൽപ്പെട്ടിരുന്നു. പുതിയാപ്പയിലുള്ള ആറ് മത്സ്യത്തൊഴിലാളികളായിരുന്നു ബോട്ടിൽ. വിവരമറിഞ്ഞ് സുരാജും സുഹൃത്തുക്കളും കടലിൽ പോയി ഇവരെ രക്ഷപ്പെടുത്തി. അപകടത്തിൽപ്പെട്ട ബോട്ട് കെട്ടിവലിച്ച് കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ അതിലെ ഇരുമ്പ് റോപ്പ് സുരാജിന്റെ കാലിൽ കുടുങ്ങുകയും മുട്ടിന് താഴെയുള്ളഭാഗം മുറിഞ്ഞ് താഴെവീഴുകയും ചെയ്തു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ച് മുറിഞ്ഞകാൽ തുന്നിച്ചേർത്തു. എന്നാൽ രണ്ടാഴ്ച കഴിഞ്ഞപ്പോൾ പഴുപ്പ് കയറി. ഒടുവിൽ ഇടതുമുട്ടിന് മുകളിൽ കാൽ മുറിച്ചുമാറ്റി. ആശുപത്രിവിട്ട സുരാജിനെ ബോട്ടുടമ സ്വന്തംവീട്ടിൽ കൊണ്ടുപോയി ശുശ്രൂഷിക്കുകയായിരുന്നു. ഈയിടെയാണ് അദ്ദേഹം തിക്കോടിയിലെ വീട്ടിൽ തിരിച്ചെത്തിയത്.
2018-ൽ പ്രളയകാലത്ത് രണ്ടാഴ്ചയോളം രക്ഷാപ്രവർത്തിനായി ചെങ്ങന്നൂരിലായിരുന്നു സുരാജ്. ഇക്കൊല്ലം ജില്ലയിലെ മലയോരമേഖലയിലുണ്ടായ ഉരുൾപൊട്ടലിലും പ്രളയത്തിലും മുക്കം-കാരശ്ശേരി ഭാഗങ്ങളിൽ 10 ദിവസത്തിലധികം സുരാജ് രക്ഷകനായി പ്രവർത്തിച്ചിരുന്നു. രക്ഷാദൗത്യത്തിനുള്ള അംഗീകാരമായി കാരശ്ശേരി പഞ്ചായത്ത് നൽകിയ സർട്ടിഫിക്കറ്റും അതേറ്റുവാങ്ങുന്ന ഫോട്ടോയും മാത്രമാണ് ഇന്ന് സുരാജിന് കൂട്ടായുള്ളൂ. അപകടത്തിൽപ്പെട്ടശേഷം ഇതേവരെ സർക്കാരിന്റെയോ ഫിഷറീസ് വകുപ്പിന്റെയോ ജില്ലാഭരണകൂടത്തിന്റെയോ യാതൊരു സഹായവും സുരാജിന് ലഭിച്ചിട്ടില്ല. മക്കളായ പത്മപ്രിയ, ശ്രീഹരി എന്നിവരുടെ വിദ്യാഭ്യാസവും പ്രതിസന്ധിയിലാണ്. ഒരുപാട് പേർക്ക് രക്ഷകനായ ഈ മനുഷ്യൻ മുമ്പോട്ടുള്ള ജീവിതം ഇനിയെങ്ങനെ എന്ന ചോദ്യചിഹ്നവുമായി നിൽക്കുമ്പോൾ സഹായഹസ്തം നീട്ടേണ്ടത് നമ്മുടെ കൂടി കടമയാണ്.
Discussion about this post