തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലില്‍ രണ്ട് ന്യൂനമര്‍ദങ്ങള്‍ രൂപപ്പെട്ടു. ഇവ ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കേരളതീരത്ത് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
അതേസമയം തെക്കുകിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിനടുത്ത് രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കാനും അതിതീവ്രമായാല്‍ ചുഴലിക്കാറ്റാകാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളാ തീരത്തിന് അടുത്തുകൂടിയാണ് ഇത് കടന്നുപോകാന്‍ സാധ്യതയുളളതിനാല്‍ നാളെ കേരളാതീരത്ത് മീന്‍പിടിത്തം പൂര്‍ണമായും വിലക്കിയിട്ടുണ്ട്. ആരും കടലില്‍ പോകരുതെന്നും കടലില്‍ പോയവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ നിര്‍ദ്ദേശിക്കാനും ജില്ലാ കളക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂനമര്‍ദം ലക്ഷദ്വീപ് തീരത്തേക്കു നീങ്ങുകയാണ്. നാല് ദിവസത്തിനകം ഇത് കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. തെക്കുകിഴക്കന്‍ അറബിക്കടലിലും അതിനോടുചേര്‍ന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലുമാണ് രണ്ടാമത്തെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുള്ളത്. ഇത് സൊമാലിയ തീരത്തേക്കു നീങ്ങുമെന്നാണു കരുതുന്നത്.
Discussion about this post