പാമ്പിനെ പേടിച്ച് ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥ; വീടുപേക്ഷിച്ച് കുടുംബം

സുല്‍ത്താന്‍ബത്തേരി: വീട്ടില്‍ പാമ്പ് ശല്യം രൂക്ഷമായതോടെ ഒരു കുടുംബം വീടുപേക്ഷിച്ചു. വയനാട്ടിലെ ബത്തേരി ഗവ. താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ഫെയര്‍ലാന്‍ഡിലെ തയ്യില്‍ സുനിതയും കുടുംബവുമാണ് പാമ്പ് ശല്യം സഹിക്ക വയ്യാതെ വീടുപേക്ഷിച്ചത്. മൂര്‍ഖനും വെള്ളിക്കെട്ടനും ഉള്‍പ്പെടെയുള്ള വിഷപ്പാമ്പുകളാണ് ഇവിടെയുള്ളത്.

പാമ്പുകളുടെ എണ്ണം വര്‍ധിച്ചതോടെ വീട്ടിലെ അടുക്കളഭാഗവും കുളിമുറിയും ഇവര്‍ പൊളിച്ചുകളഞ്ഞു. എന്നിട്ടും പാമ്പ് ശല്യം കുറയാതെ വന്നതോടെയാണ് വീടുപേക്ഷിക്കാന്‍ കുടുംബം നിര്‍ബന്ധിതരായത്. മൂര്‍ഖനും വെള്ളിക്കെട്ടനും ഉള്‍പ്പെടെയുള്ള വിഷപ്പാമ്പുകളാണ് ഇവടെയുള്ളത്. ഒരുദിവസംമാത്രം മൂന്ന് വെള്ളിക്കെട്ടനെവരെ ഈ വീട്ടിനുള്ളില്‍നിന്നും പിടിച്ചിട്ടുണ്ടെന്ന് കുടുംബം പറയുന്നു.

പ്ലസ്ടു വിദ്യാര്‍ഥിയായ പവനും പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ നന്ദനയും സുനിതയുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. ഭര്‍ത്താവ് സതീഷ് എട്ടു മാസംമുമ്പ് അപകടത്തില്‍ മരിച്ചതോടെയാണ് വീട്ടില്‍ പാമ്പ് ശല്യം രൂക്ഷമായി തുടങ്ങിയത്. പാമ്പുകളെഭയന്ന് രാത്രിയില്‍ ഉറങ്ങാന്‍പോലും കഴിയാത്ത അവസ്ഥയാണെന്ന് സുനിത പറയുന്നു.

എന്നാല്‍ പരിസരത്തുള്ള മറ്റു വീടുകളിലൊന്നും പാമ്പ് ശല്യമില്ല. മുമ്പിവിടെ ഒരു പുറ്റുണ്ടായിരുന്നെന്നും അത് പൊളിച്ചുകളഞ്ഞാണ് വീട് പണിതതെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. നിലവിലുള്ള വീട് പൂര്‍ണമായി പൊളിച്ചുകളഞ്ഞ് പുതിയൊരുവീട് നിര്‍മിച്ച് ഇവിടെ ത്തന്നെ താമസിക്കണമെന്നാണ് സുനിതയുടെ ആഗ്രഹം.

Exit mobile version