മലപ്പുറം: സംസ്ഥാനവ്യാപകമായി നടക്കുന്ന സംയുക്ത വാഹന പരിശോധനയില്‍ ഇന്ന് മലപ്പുറം ജില്ലയില്‍ മാത്രം പിഴയിട്ടത് 2,77,200 രൂപ. 379 നിയമലംഘനങ്ങളിലാണ് ഇത്രയും പിഴ ഈടാക്കിയിരിക്കുന്നത്.
രാവിലെ എട്ട് മുതല്‍ വൈകുന്നേരം വരെ നീണ്ട പരിശോധനയില്‍ ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെയും വിവിധ സബ് ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നിലമ്പൂര്‍, പെരിന്തല്‍മണ്ണ, മലപ്പുറം, കൊണ്ടോട്ടി, പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, മഞ്ചേരി, തുടങ്ങിയ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയില്‍ ബസുകളില്‍ ടിക്കറ്റ് നല്‍കാത്തത് ഉള്‍പ്പെടെ വ്യാപകമായ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
ഹെല്‍മെറ്റ് ധരിക്കാത്ത 106, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ച 10, സീറ്റ് ബെല്‍റ്റ് ധരിക്കാത്തവ 41, അപകടകരമായ രീതിയില്‍ വാഹനമോടിച്ച 13, ടിക്കറ്റ് നല്‍കാത്ത 28 ബസ്സുകള്‍ക്കെതിരെയും ഇന്‍ഷുറന്‍സ് ഇല്ലാത്ത 18 വാഹനങ്ങള്‍, എയര്‍ ഹോണ്‍ ഉപയോഗിച്ച 27 വാഹനങ്ങള്‍, വാഹനങ്ങളുടെ രൂപഘടനയില്‍ മാറ്റം വരുത്തിയ 10, ടാക്സ് അടക്കാത്ത 11 വാഹനങ്ങള്‍, തീവ്രത കൂടിയ ഹെഡ് ലൈറ്റ് ബള്‍ബുകള്‍ ഉപയോഗിച്ച് നാലെണ്ണം തുടങ്ങിയവ കണ്ടെത്തി.
സംസ്ഥാനത്തെ അപകട നിരക്കും അപകടമരണ നിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക പരിശോധന. ഏഴാം തീയതി വരെ സീറ്റ് ബെല്‍റ്റ്, എട്ട് മുതല്‍ 10 വരെ അനധികൃത പാര്‍ക്കിംഗ്, 11 മുതല്‍ 13 വരെ അമിത വേഗത, 14 മുതല്‍ 16 വരെ മദ്യപിച്ച് വാഹനമോടിക്കല്‍, ലെയ്ന്‍ ട്രാഫിക്ക്, 17 മുതല്‍ 19 വരെ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയാണ് പരിശോധിക്കുക.
20 മുതല്‍ 23 വരെ സീബ്രാ ക്രോസിംഗ്, റെഡ് സിംഗ്നല്‍ ജമ്പിങ്ങ്. 24 മുതല്‍ 27 വരെ സ്പീഡ് ഗവേണറും ഓവര്‍ലോഡും, 28 മുതല്‍ 31 വരെ വാഹനങ്ങളിലെ എക്സ്ട്രാ ഫിറ്റിംഗ്, കൂളിംഗ് ഫിലിം എന്നിങ്ങനെ തരംതിരിച്ച് പരിശോധിക്കും.
അമിത വേഗത, മദ്യപിച്ച് വാഹനം ഓടിക്കല്‍ എന്നിവയ്ക്ക് പിടിക്കപ്പെടുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനാണ് തീരുമാനം.
Discussion about this post