കാഞ്ഞങ്ങാട്: 60ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിശ്ശീല വീഴുമ്പോള്‍ സ്വര്‍ണക്കിരീടം വീണ്ടും കൈകളില്‍ ഭദ്രമാക്കി പാലക്കാട്. കോഴിക്കോടും കണ്ണൂരുമാണ് രണ്ടാംസ്ഥാനം നേടി തൊട്ടുപുറകിലുള്ളത്. തൃശ്ശൂര്‍ ജില്ലയ്ക്കാണ് മൂന്നാം സ്ഥാനം. 61ാമത് സ്‌കൂള്‍ കലോത്സവം കൊല്ലത്ത് വെച്ച് നടക്കും.
അവസാന നിമിഷം വരെ ഉദ്വേഗം നിലനിര്‍ത്തിയ ശേഷമാണ് കിരീടം പാലക്കാട് സ്വന്തമാക്കിയത്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് പാലക്കാട് കോഴിക്കോടിനേയും കണ്ണൂരിനേയും മറികടന്നത്. 951 പോയിന്റുമായാണ് പാലക്കാട് സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്.
തുടര്‍ച്ചയായി രണ്ടാം തവണയാണ് പാലക്കാട് കിരീടം നേടുന്നത്. ചരിത്രത്തില്‍ അവരുടെ മൂന്നാം കിരീട നേട്ടം കൂടിയാണിത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കോഴിക്കോടും കണ്ണൂരും രണ്ടാംസ്ഥാനം പങ്കിട്ടു. 949 പോയിന്റുകളാണ് ഇരു ജില്ലകളും നേടിയത്. 940 പോയിന്റുകളോടെ തൃശ്ശൂര്‍ ജില്ലയാണ് മൂന്നാംസ്ഥാനത്ത്.
മേള അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം നില്‍ക്കെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഓരോ ജില്ലയും കാഴ്ച വെച്ചത്. അറബിക് കലോത്സവത്തില്‍ നാല് ജില്ലകള്‍ ഒന്നാംസ്ഥാനം പങ്കിട്ടു. പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളാണ് അറബിക് കലോത്സവത്തില്‍ കിരീടം പങ്കിട്ടത്. സംസ്‌കൃതോത്സവത്തില്‍ എറണാകുളം, തൃശ്ശൂരുമാണ് ജേതാക്കള്‍.
ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 511 പോയിന്റോടെ കണ്ണൂര്‍ ഒന്നാമതായി. സ്‌കൂളുകളില്‍ ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍സെക്കന്ററി ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സ്‌കൂള്‍ എന്ന നേട്ടത്തിന് അര്‍ഹരായി. 161 പോയിന്റുകളാണ് ബിഎസ്എസ് ഗുരുകുലം ഹയര്‍സെക്കന്ററി നേടിയത്. 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊല്ലത്ത് വെച്ചാണ് നടക്കുക.
Discussion about this post