തിരുവന്തപുരം: ഇരുചക്രവാഹനത്തിന്റെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിന്റെ പശ്ചാത്തലത്തില്‍ വാഹനപരിശോധനയില്‍ പോലീസുകാര്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. പരിശോധന നടത്തുമ്പോള്‍ ലാത്തി ഉപയോഗിക്കാനോ ദേഹപരിശോധന നടത്താനോ പാടില്ലെന്ന് ഡിജിപി നിര്‍ദേശിച്ചു.
വാഹന പരിശോധന എസ്ഐയുടെ നേതൃത്വത്തില്‍ വേണം. പരിശോധന നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തണം. പരിശോധന സമയത്ത് ലാത്തി ഉപയോഗിക്കാനോ ദേഹപരിശോധന നടത്താനോ പാടില്ലെന്നും ഡിജിപി വ്യക്തമാക്കി. കൂടാതെ വാഹനങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ പിന്തുടര്ന്ന് പിടികൂടാന്‍ ശ്രമിക്കരുതെന്നും ബെഹ്റ അറിയിച്ചു.
പരിശോധന നടത്താനായി വാഹനങ്ങള്‍ക്ക് റോഡില്‍ കയറി കൈ കാണിക്കരുത്. വളവിലും തിരുവിലും മറ്റും പരിശോധന നടത്താന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട് അനിഷ്ട സംഭവങ്ങള്‍ സംഭവിച്ചാല്‍ എസ്പിമാരിയിരിക്കും ഉത്തരവാദിയെന്നും ബെഹ്റ വ്യക്തമാക്കി. കഴിഞ്ഞ ദിവസം വാഹനപരിശോധന നടത്തുന്നതിനിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാരനെ പോലീസുദ്യോഗസ്ഥന് ലാത്തികൊണ്ട് എറിഞ്ഞ് വീഴ്ത്തിയ സംഭവത്തില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഡിജിപി വാഹന പരിശോധനയില്‍ പോലീസുകാര്‍ക്ക് പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയത്. ഇന്നുമുതലാണ് സംസ്ഥാനത്ത് പിന്‍സീറ്റില്‍ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. എല്ലാവരും ഹെല്‍മെറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശോധന കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. പിന്നിലിരിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിച്ചിട്ടില്ലെങ്കില്‍ 500 രൂപയാണ് പിഴ. നാലുവയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്.
Discussion about this post