തലശ്ശേരി: 54 ദിവസം ജയിലില്‍ കിടന്ന് പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ യഥാര്‍ത്ഥ പ്രതിയെ പിടികൂടിയതിന്റെ ഞെട്ടലില്‍ നിന്ന് ഇനിയും താജുദ്ദീന് മുക്തമായിട്ടില്ല. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിച്ചതില്‍ വേദനകളൊന്നും ഇല്ല. വിധിയെന്നോര്‍ത്ത് സമാധാനിക്കും. പക്ഷേ കള്ളനെന്ന ധാരണയിലെ തുറിച്ചു നോക്കലുകളില്‍ നിന്നും കള്ളന്റെ കുടുംബമെന്ന് മുദ്രകുത്തി വിളിച്ചവരുടെയും മനസ് എങ്ങനെ മാറ്റിയെടുക്കുമെന്നതാണ് താജുദ്ദീനെ അലട്ടുന്ന പ്രശ്നം.
ജൂലൈ അഞ്ചിന് ഉച്ചയ്ക്കാണ് താജുദ്ദീനിന്റെ ജീവിതം വഴിമാറ്റിയ കവര്‍ച്ച നടന്നത്. ബസിറങ്ങി പോവുകയായിരുന്ന മുണ്ടല്ലൂര്‍ സ്വദേശിനി രാഖി ഷാജിയുടെ അഞ്ചര പവന് മാല സ്കൂട്ടറിലെത്തിയ ആള് തട്ടിപ്പറിച്ചെടുത്തു. പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ മുഴുവന്‍ ചക്കരക്കല്‍ പോലീസ് ശേഖരിച്ചു. വെളുത്ത നിറത്തിലുള്ള സ്കൂട്ടറില്‍ താടിയും കഷണ്ടിയും കണ്ണടയുമുള്ള ഒരാള്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തി. മാല നഷ്ടപ്പെട്ട വീട്ടമ്മയുടെ മൊഴിയോട് സാദൃശ്യം തോന്നിയതിനാല്‍ ദൃശ്യങ്ങള്‍ അവരെയും കാണിച്ചപ്പോള്‍ പ്രതിയാണെന്ന് ഉറപ്പിച്ച് പറയുകയും ചെയ്തു. പിന്നീട് നാട്ടുകാരെ ദൃശ്യങ്ങള്‍ കാണിച്ചതോടെയാണ് താജൂദ്ദീനിലേക്ക് പോലീസെത്തുന്നത്.
താജുദ്ദീന്റെ കുടുംബത്തെയും ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ അവരും താജുദ്ദീന് തന്നെയെന്ന് ശരിവച്ചു. ഇതോടെ താജുദ്ദീന്റെ കറുത്ത ദിനങ്ങളുടെ ആരംഭമാവുകയായിരുന്നു. കുറ്റം ആവര്‍ത്തിച്ച് നിഷേധിച്ചെങ്കിലും കോടതി ചെവികൊണ്ടില്ല. ശേഷം ഇരുമ്പു വലയങ്ങള്ക്കുള്ളില് കഴിയുകയായിരുന്നു. ശേഷം ജാമ്യത്തിലിറങ്ങിയ താജൂദ്ദീന് മുസ്ലിം ലീഗ് നേതാക്കള്‍ക്കൊപ്പം മുഖ്യമന്ത്രിയെയും ഡിജിപിയെയും നേരിട്ട് കണ്ട് പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് താജുദ്ദീന്റെ നിരപരാധിത്വം തെളിഞ്ഞത്. യഥാര്‍ത്ഥ പ്രതിയുടെ ചിത്രവും ചരിത്രവും ഉള്‍പ്പടെ ലഭിച്ചു. ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. നഷ്ട്ടപ്പെട്ട സല്പേര് താജൂദ്ദീനും കുടുംബത്തിന് ആര് എങ്ങനെ തിരികെ നല്‍കുമെന്ന ചോദ്യമാണ് ഇപ്പോള്‍ താജുദ്ദീനെ അലട്ടുന്നത്.
Discussion about this post