ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൈക്കൂലി കുറഞ്ഞ സംസ്ഥാനം കേരളമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. അഴിമതി വിരുദ്ധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ ഇന്ത്യയും ലോക്കല്‍ സര്‍ക്കിള്‍സ് എന്ന ഏജന്‍സിയും നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
ഗോവയും, ഒഡിഷയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. കേരളത്തിലെ 10 ശതമാനം ജനങ്ങള്‍ മാത്രമാണ് സേവനങ്ങള്‍ക്ക് കൈക്കൂലി നല്‍കിയത്. ഇതുവരെ കൈക്കൂലി നല്‍കാത്തവരാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 21 സംസ്ഥാനങ്ങളിലായി 1.9 ലക്ഷം പേരില്‍ നടത്തിയ സര്‍വ്വേയിലാണ് കേരളം രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന് കണ്ടെത്തിയത്.
ഏറ്റവും കൂടുതല്‍ കൈക്കൂലി നല്‍കേണ്ടി വരുന്ന സംസ്ഥാനം രാജസ്ഥാനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.രാജസ്ഥാനില്‍ 78ശതമാനം ജനങ്ങള്‍ക്കും സേവനങ്ങള്‍ക്ക് കൈക്കൂലി നല്‍കേണ്ടി വരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ബിഹാറും ഉത്തര്‍പ്രദേശുമാണ് അഴിമതി കൂടിയ സംസ്ഥാനങ്ങളില്‍ രാജസ്ഥാന് പിന്നിലുള്ളത്. രാജ്യത്തെ 51 ശതമാനം പേരും സേവനങ്ങള്‍ക്കായി കൈക്കൂലി നല്‍കേണ്ടി വരുന്നുവെന്നാണ് സര്‍വ്വെ സൂചിപ്പിക്കുന്നത്.
അതെസമയം ആഗോള തലത്തില്‍ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെട്ടിട്ടുണ്ട്. പട്ടികയില്‍ 180-ാം സ്ഥാനത്ത് നിന്ന ഇന്ത്യ അഞ്ചു വര്‍ഷത്തില്‍ അഴിമതി കുറഞ്ഞ് 78-ാം സ്ഥാനത്തായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post