പയ്യന്നൂർ: പയ്യന്നൂരിലെ ഒരു വീട്ടിൽ ഒതുങ്ങിക്കൂടിയിരുന്ന ഏയ്ഞ്ചൽ ഇപ്പോൾ റോയൽഎൻഫീൽഡ് കമ്പനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലടക്കം താരമാണ്. വീട്ടിലെ വളർത്തുനായ എന്നതിനപ്പുറം പ്രണവിന്റെ ഈ നായക്കുട്ടി സോഷ്യൽമീഡിയയിൽ സെലിബ്രിറ്റിയായി വളർന്നിരിക്കുകയാണ്. ബുള്ളറ്റിൽ യജമാനനോടൊപ്പം ഗോവയിലേക്ക് തിരിച്ച ഏയ്ഞ്ചൽ മനം കവരാതിരിക്കുന്നതെങ്ങനെ. അഞ്ചുദിവസം നീണ്ട ബുള്ളറ്റ് യാത്രയാണ് വളർത്തു നായ ഏയ്ഞ്ചൽ നടത്തിയിരിക്കുന്നത്. പയ്യന്നൂരിൽനിന്നും 1200 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ഗോവയും ചുറ്റി തിരിച്ചെത്തിയതോടെയാണ് ഇവരുടെ യാത്ര സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്.
പയ്യന്നൂരിലെ ദന്തഡോക്ടറായ പ്രണവ് രാജഗോപാലിന്റെ ജർമ്മൻ സ്പിറ്റ്സ് ഇനത്തിൽപെട്ട മൂന്നര വയസുള്ള ഏയ്ഞ്ചൽ എന്ന വളർത്തുനായയാണ് തന്റെ യജമാനനൊപ്പം വിനോദയാത്ര പോയി സോഷ്യൽമീഡിയയുടെ മനം കവർന്നത്.
പയ്യന്നൂരിൽ നിന്നും ഗോവയിലേക്കും തിരിച്ചും ബുള്ളറ്റിന്റെ മുമ്പിലിരുന്ന് ആസ്വദിച്ചായിരുന്നു എയ്ഞ്ചലിന്റെ സവാരി. ബുള്ളറ്റിന്റെ മുന്നിൽ എയ്ഞ്ചലിനായി പ്രത്യേക ഇരിപ്പിടവും സജ്ജീകരിച്ചിരുന്നു. ഗോവയിൽ നടന്ന റോയൽ എൻഫീൽഡിന്റെ കൂട്ടായ്മയിൽ പങ്കെടുക്കാനാണ് പയ്യന്നൂരിൽ നിന്നുള്ള സുഹൃത്തുക്കളോപ്പം പ്രണവും യാത്രയാരംഭിച്ചത്. ബുള്ളറ്റിന്റെ മുന്നിലിരുന്നുള്ള എയ്ഞ്ചലിന്റെ ഈ സവാരി കാഴ്ചക്കാരെ ആശ്ചര്യപ്പടുത്തി.
പലരും ഈ സവാരിയുടെ ചിത്രങ്ങൾ ഷെയർ ചെയ്തതോടെ റോയൽ എൻഫീൽഡ് കമ്പനിയും സംഭവം ഏറ്റെടുത്തു. ഇതോടെ അവരുടെ ഔദ്യോഗിക പേജിൽ എയ്ഞ്ചൽ ഇടംപിടിക്കുകയും ചെയ്തു. പ്രണവ് ചെറുപ്പം മുതൽ നായക്കുട്ടിയെ ബുള്ളറ്റിൽ കയറ്റി യാത്ര ചെയ്യാറുണ്ടെങ്കിലും ആദ്യമായാണ് ഈ ലോങ് ട്രിപ്പ്.
തിരിച്ചെത്തുംവരെ എയ്ഞ്ചൽ ഒരു പ്രശ്നവും ഉണ്ടാക്കിയില്ല. എയ്ഞ്ചൽ താരമായതോടെ എയ്ഞ്ചൽ ദി റൈഡർ ഡോഗ് എന്ന പേരിൽ പ്രണവ് ഒരു പേജും ആരംഭിച്ചിരിക്കുകയാണ്.