‘ഈ വസ്ത്രം മാഷ് തന്നതാണ്, മാഷിന്റെ അനുഗ്രഹം കൊണ്ട് ഭംഗിയായി കളിക്കാന്‍ പറ്റി’ ; എ ഗ്രേഡ് കിട്ടിയതിന്റെ സന്തോഷം സാറിനോട് വിളിച്ച് പറഞ്ഞ് ആകാശ്

സാറുടെ അനുഗ്രഹം കൊണ്ട് എനിക്ക് നന്നായി കളിക്കാന്‍ പറ്റി, ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ഭരതനാട്യ മത്സരം കഴിഞ്ഞ ഉടന്‍ സ്റ്റേജില്‍ നിന്നിറങ്ങി ആകാശ് ഫോണില്‍ വിളിച്ച് നൃത്ത അധ്യാപകനോട് പറഞ്ഞ വാക്കുകളാണിത്.

കാഞ്ഞങ്ങാട്: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം തകൃതിയായി നടക്കുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് മത്സര വേദികളില്‍ നടക്കുന്നത്. കപ്പ് തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് കോഴിക്കോട് ജില്ല.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാംപസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആകാശിനെ നമുക്ക് ഒന്ന് പരിചയപ്പെടാം.

സാറുടെ അനുഗ്രഹം കൊണ്ട് എനിക്ക് നന്നായി കളിക്കാന്‍ പറ്റി, ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ഭരതനാട്യ മത്സരം കഴിഞ്ഞ ഉടന്‍ സ്റ്റേജില്‍ നിന്നിറങ്ങി ആകാശ് ഫോണില്‍ വിളിച്ച് നൃത്ത അധ്യാപകനോട് പറഞ്ഞ വാക്കുകളാണിത്. വേദിയില്‍ ചുവടുവെച്ച ക്ഷീണം മാറുംമുമ്പെയാണ് അച്ഛന്റെ ഫോണും വാങ്ങി നൃത്ത അധ്യാപകന്‍ സഹേഷ് മാഷിനെ വിളിച്ച് ആകാശ് സന്തോഷം പങ്കുവെച്ചത്.

ആകാശിന് സഹേഷ് സാറിനോടുള്ള കടപ്പാട് പറഞ്ഞാല്‍ തീരില്ല. ഇത്തവണ കുച്ചുപ്പുടിക്കും ഭരതനാട്യത്തിനും പങ്കെടുത്ത ആകാശിന്റെ വസ്ത്രം ഉള്‍പ്പെടെ എല്ലാ ചെലവുകളും വഹിക്കുന്നത് ഈ അധ്യാപകനാണ്. ഓട്ടോ ഡ്രൈവറായ അച്ഛന്‍ സുധീഷിന് താങ്ങാവുന്നതിലും അധികമാണ് ഈ ചിലവുകള്‍. അടുത്തിടെ ഹൃദയസംബന്ധമായ രോഗത്തിന് ഓപ്പറേഷന്‍ കഴിഞ്ഞതിനാല്‍ ജോലിക്ക് പോകാനും സുധീഷ് ബുദ്ധിമുട്ടാണ്. മേക്കപ്പിനുള്ള ചെറിയ ചിലവ് മാത്രമേ ഓട്ടോ ഡ്രൈവറായ സുധീഷ് വഹിച്ചിട്ടുള്ളു.

ഭരതനാട്യത്തിന് ഉള്‍പ്പെടെ ഇത്തവണ മകന്‍ പങ്കെടുത്ത രണ്ടിനങ്ങളിലും ലഭിച്ച എ ഗ്രേഡ് മാത്രമാണ് മാഷിനുള്ള ഗുരുദക്ഷിണയായി ഇവര്‍ക്ക് നല്‍കാനുള്ളത്. തന്റെ സ്വപ്നങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന മാതാപിതാക്കള്‍ക്കായുള്ള സ്‌നേഹ പ്രകടനമാണ് ഈ നേട്ടമെന്നും ആകാശ് പറയുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി സഹേഷ് മാഷിന്റെ കീഴിലാണ് ആകാശ് നൃത്തം അഭ്യസിക്കുന്നത്. മാഷിന്റെ സമര്‍പ്പണ അക്കാദമിയില്‍നിന്ന് ഭരതനാട്യം പഠിച്ച ആദ്യ ആണ്‍കുട്ടിയും ആകാശാണ്. ബാക്കിയെല്ലാം പെണ്‍കുട്ടികളാണ്. എന്തായാലും സഹേഷ് മാഷ് എല്ലാ ചെലവും വഹിക്കാമെന്ന് പറഞ്ഞതോടെ മകനെ എങ്ങനെയും സംസ്ഥാന കലോത്സവത്തില്‍ പങ്കെടുപ്പിക്കണമെന്ന മാതാപിതാക്കളുടെ ആഗ്രഹം നിറവേറിയിരിക്കുകയാണ്.

Exit mobile version