തിരുവനന്തപുരം: ഷെയ്ൻ നിഗത്തിനെതിരെ ഉൾപ്പടെ സിനിമാ നിർമ്മാതാക്കൾ ലഹരി വസ്തുക്കളുടെ ഉപയോഗം ആരോപിച്ചതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി സംസ്ഥാനതത്തെ എക്സൈസ് വകുപ്പ്. അന്തരീക്ഷ ഊഷ്മാവിൽ ആവിയാകുന്ന എൽഎസ്ഡി (ലൈസർജിക്ക് ആസിഡ് ഡൈഈഥൈൽ അമൈഡ്) പോലുള്ള മാരക ലഹരിവസ്തുക്കൾ ചില സിനിമാ സെറ്റുകളിലും അണിയറപ്രവർത്തകരിലും വ്യാപകമാണെന്ന് എക്സൈസ് വകുപ്പ് ആരോപിക്കുന്നു.
ഇവയിൽ തന്നെ സ്റ്റാമ്പ് രൂപത്തിൽ ലഭിക്കുന്ന എൽഎസ്ഡിക്കാണ് ആവശ്യക്കാരേറെ. സ്റ്റാമ്പിന്റെ ഒരു ഭാഗം നീക്കി നാവിനടിയിൽ വെച്ചാൽ മാത്രം മതി, ചൂടാക്കാനോ സിറിഞ്ചെടുക്കാനോ ഒന്നും പ്രയാസമില്ലാതെ തന്നെ ലഹരി ലഭിക്കും. ലൈസർജിക്ക് ആസിഡ് അന്തരീക്ഷ ഊഷ്മാവിൽ പോലും ലയിക്കും. ഇത്തരം കേസുകളിൽ തെളിവുണ്ടാക്കുക ബുദ്ധിമുട്ടാണ്.
സിനിമാ ഷൂട്ടിങ് സെറ്റുകളിൽ ചെന്ന് പരിശോധന നടത്തുന്നതിനും പരിമിതികളുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഉന്നത ബന്ധങ്ങളുള്ള സിനിമാപ്രവർത്തകരുള്ള സെറ്റുകളിൽ കടന്ന് പരിശോധിക്കുന്നത് ബുദ്ധിമുട്ടാണ്. സാങ്കേതിക പ്രവർത്തകരിലും സഹായികളിലുംപെട്ട ഒരു വിഭാഗമാണ് മയക്കുമരുന്ന് കടത്തുകാരാകുന്നത്. ഇവരെ കണ്ടെത്താൻ സിനിമാപ്രവർത്തകരുടെ സഹായമാണ് വേണ്ടതെന്നും അധികൃതർ പറയുന്നു.
ലഹരിക്കായി ഉപയോഗിക്കുന്ന മെഥലീൻ ഡൈഓക്സി മെത്താംഫീറ്റമീൻ (എംഡിഎംഎ) ബംഗളൂരുവിൽ വൻതോതിൽ നിർമ്മിക്കുന്നുണ്ട്. ചില നെജീരിയൻ സ്വദേശികളാണ് ഇതിനുപിന്നലെന്ന് എക്സൈസ് ഇന്റലിജൻസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും മാതൃഭൂമി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
നാർക്കോട്ടിക് കേസുകളിൽ സംസ്ഥാനത്ത് എറണാകുളം ജില്ലയാണ് മുന്നിൽ. 2019 ജനുവരി മുതൽ സെപ്റ്റംബർ വരെ 726 കേസുകൾ. 783 പേർ അറസ്റ്റിലായി. ഹാഷിഷ്, ഹെറോയിൻ, ബ്രൗൺഷുഗർ, എംഡിഎംഎ, എൽഎസ്ഡി, കൊക്കയിൻ, നാർക്കോട്ടിക്ക് ആംപ്യൂളുകൾ തുടങ്ങിയ മാരകലഹരി വസ്തുക്കളാണ് പിടികൂടിയതിലേറെയും.
Discussion about this post