തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിനു മുന്നിൽ എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷത്തിന് ഒടുവിൽ പരിസമാപ്തിയായി. പ്രതിപക്ഷ നേതാവടക്കം ഇടപട്ടതോടെ എസ്എഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇതിനു പിന്നാലെ കെഎസ്‌യു പ്രവർത്തകർ നടത്തിയിരുന്ന ഉപരോധം അവസാനിപ്പിച്ചു. കെഎസ്‌യു മാർച്ചിനുനേരെ എസ്എഫ്‌ഐ പ്രവർത്തകർ നടത്തിയ കല്ലേറ് നടത്തിയെന്നാണ് ആരോപണം. സംഘർഷത്തിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിന്റെ തലയ്ക്ക് പരുക്കേറ്റിരുന്നു. ഇതോടെ കെഎസ്‌യു പ്രവർത്തകരും കോളജിലേക്കു കല്ലേറു നടത്തി. തുടർന്ന് ഇരുപക്ഷത്തും വിദ്യാർത്ഥികൾ ഒത്തുചേർന്ന് മുദ്രാവാക്യം മുഴക്കിയതോടെ കൂടുതൽ പോലീസ് സ്ഥലത്തെത്തി. എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ നടപടിയെടുക്കുമെന്ന് എസിപി അടക്കമുളള ഉന്നത ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതോടെയാണ് കെഎസ്‌യു പ്രതിഷേധം അവസാനിച്ചത്. തുടർന്ന് സ്ഥലത്ത് പ്രകടനം നടത്തിയ എസ്എഫ്‌ഐ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
യൂണിവേഴ്‌സിറ്റി കോളജിലെ കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു കെഎസ്‌യു വൈകിട്ട് കോളേജിന് മുന്നിൽ പ്രതിഷേധിച്ചത്. ഈ പ്രകടനത്തിനു നേരെ കോളജിൽനിന്ന് കല്ലേറുണ്ടായി. തിരിച്ച് കെഎസ്‌യു പ്രവർത്തകരും കല്ലെറിഞ്ഞു. ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ കല്ലേറുണ്ടായതോടെ പാളയം വഴിയുള്ള ഗതാഗതം നിലച്ചു. പോലീസെത്തിയെങ്കിലും ഇരുവിഭാഗവും കല്ലേറു തുടർന്നു. മുദ്രാവാക്യം വിളിയും തുടർന്നു. എസ്എഫ്‌ഐ പ്രവർത്തകർ പിൻവാങ്ങിയതിന് പിന്നാലെ കെഎസ്‌യു നേതാക്കളും പോലീസും തമ്മിൽ വാക്കു തർക്കമുണ്ടായി. തുടർന്ന് കെഎസ്‌യു പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്ഥലത്തെത്തി ഉപരോധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
Discussion about this post