കാക്കനാട്: നാളെ നഗരത്തിലെ പ്രധാന നിരത്തുകളിലെല്ലാം രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഹെൽമറ്റ് പരിശോധനയ്ക്ക് ഇറങ്ങാൻ മോട്ടർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ തീരുമാനം. ഹെൽമറ്റില്ലാത്ത ഇരുചക്ര വാഹന യാത്രക്കാർക്കെതിരെ പിഴ ഈടാക്കൽ, ലൈസൻസ് സസ്‌പെൻഡ് ചെയ്യൽ തുടങ്ങിയ നടപടികളുണ്ടാകും.
ഇരുചക്ര വാഹനങ്ങളുടെ അപകട നിരക്കു കഴിഞ്ഞ വർഷത്തെക്കാൾ കൂടുതലാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
കൊച്ചി നഗരത്തിൽ അപകട നിരക്കു കുറഞ്ഞപ്പോൾ ഉൾപ്രദേശങ്ങളിൽ അപകടം കൂടിയെന്നാണ് പോലീസിന്റെ കണക്ക്. സിറ്റി പോലീസിന്റെ പരിധിയിൽ കഴിഞ്ഞ വർഷം ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ 585 അപകടങ്ങളിലായി 595 പേർക്കു പരുക്കേൽക്കുകയും 38 പേർ മരിക്കുകയും ചെയ്തു.
ഈ വർഷം അതേ മാസങ്ങളിൽ 474 അപകടങ്ങളിൽ 469 പേർക്കു പരുക്കേറ്റപ്പോൾ 25 പേർ മരിച്ചു. റൂറൽ പൊലീസ് പരിധിയിൽ കഴിഞ്ഞ വർഷം ഈ കാലയളവിൽ 833 അപകടങ്ങളിലായി 893 പേർക്കു പരുക്കേൽക്കുകയും 65 പേർ മരിക്കുകയും ചെയ്തു. ഈ വർഷം ഈ മേഖലയിൽ അപകടങ്ങളുടെ എണ്ണം 900 ആയി ഉയർന്നു. പരുക്കേറ്റവരുടെ എണ്ണം 1,000. മരിച്ചവർ 63. അപകടത്തിനിരയായവരിൽ കൂടുതലും ഹെൽമറ്റ് ധരിക്കാത്തവരാണെന്നു കണ്ടെത്തി. ഇതോടെയാണ് സുരക്ഷ ഉറപ്പാക്കാൻ ഹെൽമറ്റ് പരിശോധന കർശ്ശനമാക്കാൻ പോലീസ് തീരുമാനിച്ചിരിക്കുന്നത്.