തിരുവനന്തപുരം: ശബരിമലയെ വീണ്ടും പ്രക്ഷുബ്ധമാക്കാനൊരുങ്ങി ബിജെപി. ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരായി നിലയ്ക്കലില്‍ വീണ്ടും പ്രക്ഷോഭം ആരംഭിക്കുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള പറഞ്ഞു.
പോലീസ് രാജ് അവസാനിപ്പിക്കുക, നിരോധനാജ്ഞ പിന്‍വലിക്കുക, ആരാധനാ സ്വാതന്ത്യം പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുമായാണ് ബിജെപി വീണ്ടും പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന ഭാരവാഹികള്‍ സമയബന്ധിതമായി നിലയ്ക്കലിലെത്തി സമരം നടത്തുമെന്ന് ശ്രീധരന് പിള്ള പറഞ്ഞു.
ശബരിമല കര്‍മസമിതി സന്നിധാനത്തടക്കം നടത്തുന്ന എല്ലാ സമരങ്ങള്‍ക്കും നിര്‍ലോഭമായ പിന്തുണ ബിജെപി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നവംബര്‍ 25 മുതല്‍ 30 വരെ എന്‍ഡിഎയുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനവും ഒപ്പുശേഖരണവും നടത്തുമെന്നും ഒരുകോടിയിലേറെ ഒപ്പുകള്‍ ശേഖരിച്ച് ഭരണകൂടത്തിന് നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ അഞ്ചുമുതല്‍ 10 വരെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ശബരിമല സംരക്ഷണ സദസ്സ് നടത്തുമെന്നും ശ്രീധരന് പിള്ള പറഞ്ഞു.
സമരത്തിന്റെ ഭാഗമായി ബുധനാഴ്ച കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്രാധാകൃഷ്ണന് ശബരിമലയിലെത്തുമെന്നും അതുവഴി കോടതി നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് മനുഷ്യാവകാശ ലംഘനങ്ങളുടെ മോശപ്പെട്ട അവസ്ഥയിലേക്ക് ശബരിമലയെ എത്തിച്ചുവെന്ന് പുറംലോകത്തെ അറിയിക്കുകയാണ് ലക്ഷ്യമെന്നും ശ്രീധരന് പിള്ള പറഞ്ഞു.
Discussion about this post