കൊച്ചി: ഷെയ്ന് നിഗത്തിന് നിര്‍മ്മാതാക്കളുടെ സംഘടന സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ വിഷയത്തില്‍ പ്രതികരണവുമായി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു രംഗത്ത്. ഷെയ്ന് ആവശ്യപ്പെട്ടാല്‍ വിലക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടുമെന്നും, അമ്മയിലെ അംഗത്തെ സംരക്ഷിക്കുക എന്നത് സംഘടനയുടെ ആവശ്യമാണെന്നും ഇടവേള ബാബു വ്യക്തമാക്കി.
ഷെയ്ന് തൊഴില്‍ ചെയ്യാനുള്ള അവസരം ഇല്ലാതാക്കാന്‍ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഷെയ്നിന്റെ ഭാഗത്തു തെറ്റുണ്ടെന്ന് മനസിലാക്കുന്നു. പുതിയ നടനെ സംബന്ധിച്ച് ഏഴ് കോടി രൂപ മടക്കി നല്‍കുക ബുദ്ധിമുട്ടാണ്. ഇതുവരെ ഒരു സിനിമ പോലും നിര്‍ത്തി വയ്ക്കാന്‍ അമ്മ കാരണമായിട്ടില്ല. ഷെയ്നിനെ വിലക്കിയ വിഷയം ഔദ്യോഗികമായി അറിയിക്കുമെന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷന് അറിയിച്ചിട്ടുണ്ടെന്നും ഇടവേള ബാബു പ്രതികരിച്ചു.
അതേസമയം, സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള നിര്‍മ്മാതാക്കളുടെ പ്രതികരണത്തെക്കുറിച്ചും ഇടവേളബാബു പ്രതികരിച്ചു. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് പലര്‍ക്കും അറിയാം. എന്നാല്‍ ഇക്കാര്യം പുറത്ത് പറയുന്നില്ലെന്ന് മാത്രമേയുള്ളൂ. സെറ്റുകളില്‍ ലഹരി ഉപയോഗം പാടില്ലെന്ന് നേരത്തെ അമ്മ യോഗത്തില്‍ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍ അന്ന് അത് പാസായിരുന്നില്ല. ഈ വിഷയം വീണ്ടും സംഘടനയില്‍ മുന്നോട്ട് വെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post