ന്യൂഡൽഹി: ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്കാരമായ ജ്ഞാനപീഠം പുരസ്കാരം മലയാളത്തിന്റെ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക്. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. എഴുത്തുകാരനും പത്രപ്രവർത്തകനുമായ അദ്ദേഹത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ മലയാള കവിതയിലെ ആധുനികതയുടെ തുടക്കങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
നേരത്തെ അക്കിത്തത്തിന് 2008ൽ എഴുത്തച്ഛൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2017 ൽ പതമ്ശ്രീ നൽകി രാജ്യം ആദരിച്ച കവിയാണ്. 1946 മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങിയതോടെയാണ് സാഹിത്യ ലോകത്തേക്കുള്ള പ്രവേശനം. പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. ഉണ്ണി നമ്പൂതിരി, മംഗളോദയം, യോഗക്ഷേമം എന്നിവയുടെ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്.
1926 മാർച്ച് 18 നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവതി അന്തർജനത്തിന്റെയും മകനായി ജനിച്ചു. ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു.