തിരുവനന്തപുരം: ഒരു വിദ്യാര്‍ത്ഥി പോലും ഇല്ലാതെ യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച മരിയാപുരം ഐടിഐയില്‍ ഇന്ന് 86 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്ന് മന്ത്രി എകെ ബാലന്. തിരുവനന്തപുരം ജില്ലയിലെ മരിയാപുരം ഐടിഐയ്ക്കാണ് പുത്തന്‍ ഉണര്‍വ് ലഭിക്കുന്നത്. മന്ത്രി ഫേസ്ബുക്കിലൂടെയാണ് നേട്ടം പങ്കുവെച്ചത്.
കേരളത്തിലെ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏതാണ്ടെല്ലാ ഐടിഐകളുടെയും അവസ്ഥ അന്ന് ഇത് തന്നെയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഒരു വിദ്യാര്‍ത്ഥിമാത്രം പഠിച്ച സാഹചര്യം വരെ മരിയാപുരം ഐടിഐയില്‍ ഉണ്ടായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അടച്ചുപൂട്ടാന്‍ തീരുമാനിച്ച മരിയാപുരം ഐടിഐയില്‍ ഇന്ന് 86 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1.70 കോടി രൂപ ചെലവഴിച്ച് 60 കുട്ടികള്‍ക്ക് താമസിച്ചു പഠിക്കുവാന്‍ പറ്റിയ ഒരു ഹോസ്റ്റല്‍ ബ്ലോക്കും അഡ്മിനിട്രേറ്റീവ് ബ്ലോക്കും നിര്‍മ്മിച്ചിരുന്നു.
ഈ സര്‍ക്കാര്‍ 68 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിര്മ്മിച്ചുനല്കി. 60 ലക്ഷം രൂപ ചെലവഴിച്ച് പഴയ കെട്ടിടത്തിന്റെ നവീകരണവും നടത്തി. കാര്‍പ്പന്റര്‍ ട്രേഡിനു പുറമെ, സര്‍വ്വെയര്‍, മെക്കാനിക്ക് ട്രേഡുകള്‍കൂടി ആരംഭിച്ചു. സ്വന്തമായി ഒരു ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം കുറിച്ചു.
ഐടിഐകളില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഇന്ന് അവിടെ തന്നെ അപ്രന്റീസ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്നു. രണ്ടായിരം രൂപയായിരുന്ന ഇവരുടെ അലവന്‍സ് സര്‍ക്കാര്‍ 5700 രൂപയായി വര്‍ധിപ്പിച്ചു നല്‍കിയതായി അദ്ദേഹം പറഞ്ഞു. മരിയാപുരത്ത് അധ്യാപക വൃത്തിയിലും ഫര്‍ണിച്ചര്‍ യൂണിറ്റിലും ഓഫീസ് ജോലികളിലും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഇന്ന് ജോലി ചെയ്യുന്നുണ്ട്. അവരുടെ കഴിവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നതിന് പദ്ധതി കൊണ്ട് കഴിയുന്നുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ 44 ഐടിഐകളെയും മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ഈ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്ന് മന്ത്രി അവകാശപ്പെട്ടു. ഞാന്‍ തന്നെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച ശേഷം ഒരുവര്‍ഷവും മൂന്ന് മാസവും കഴിഞ്ഞ് എനിക്ക് തന്നെ ഉദ്ഘാടനം ചെയ്യാന്‍ അവസരം ലഭിച്ച കൊയിലാണ്ടി ഐടിഐ മറ്റൊരു ഉദാഹരണമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള ഐടിഐകളോട് കിടപിടിക്കത്തക്ക ഗുണമേയുള്ള സ്ഥാപനങ്ങളായി പട്ടികജാതി വികസന വകുപ്പിന്റെ ഐടിഐകളെ ഉയര്‍ത്താന്‍ ഇതിനകം നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഹോസ്റ്റല്‍ സൗകര്യം മെച്ചപ്പെടുത്തി, പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നല്കി. പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സാങ്കേതിക വിദ്യാഭാസവും തൊഴില്‍ പരിശീലനവും നല്കി കരുത്തുള്ളവരാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി ബാലന് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
2014 ല്‍ വിദ്യാര്‍ത്ഥികളില്ലാത്തതിനാല്‍ യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച സ്ഥാപനമാണ് തിരുവനന്തപുരം ജില്ലയിലെ മരിയാപുരം ഐടിഐ. കേരളത്തിലെ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏതാണ്ടെല്ലാ ഐടിഐകളുടെയും അവസ്ഥ അന്ന് ഇത് തന്നെയായിരുന്നു. ഒരു വിദ്യാര്‍ത്ഥിമാത്രം പഠിച്ച സാഹചര്യം വരെ മരിയാപുരം ഐടിഐയില്‍ ഉണ്ടായി.
അടച്ചുപൂട്ടാന്‍ തീരുമാനിച്ച മരിയാപുരം ഐടിഐയില്‍ ഇന്ന് 86 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1.70 കോടി രൂപ ചെലവഴിച്ച് 60 കുട്ടികള്‍ക്ക് താമസിച്ചു പഠിക്കുവാന്‍ പറ്റിയ ഒരു ഹോസ്റ്റല്‍ ബ്ലോക്കും അഡ്മിനിട്രേറ്റീവ് ബ്ലോക്കും നിര്‍മ്മിച്ചിരുന്നു. ഈ സര്‍ക്കാര്‍ 68 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിര്മ്മിച്ചുനല്കി. 60 ലക്ഷം രൂപ ചെലവഴിച്ച് പഴയ കെട്ടിടത്തിന്റെ നവീകരണവും നടത്തി. കാര്‍പ്പന്റര്‍ ട്രേഡിനു പുറമെ, സര്‍വ്വെയര്‍, മെക്കാനിക്ക് ട്രേഡുകള്‍കൂടി ആരംഭിച്ചു. സ്വന്തമായി ഒരു ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
മരിയാപുരം ഐടിഐയിലെ ഫര്‍ണിച്ചര്‍ യൂണിറ്റില്‍ നിര്‍മ്മിച്ച ഒരു കട്ടില് കഴിഞ്ഞദിവസം കാണാനിടയായി. അതിമനോഹരമായ നിര്‍മ്മാണമായിരുന്നു. വില അവിശ്വസനീയമാണ്. 9500 രൂപ മാത്രം. കൂപ്പിലെ തടി ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. വനം വകുപ്പിന്റെ കൂപ്പില് നിന്ന് വാങ്ങുന്ന മേല്‍ത്തരം തടിയില്‍ നിര്‍മിക്കുന്ന ഇവിടത്തെ ഫര്‍ണിച്ചര്‍ ഏതു മികച്ച ഉല്പന്നങ്ങളോടും കിടപിടിക്കുന്നതാണ്. ഓര്‍ഡറിനനുസരിച്ച് മികച്ച ഗുണമേയുള്ള ഫര്‍ണിച്ചര്‍ അവിടെ കുറഞ്ഞവിലയില്‍ നിര്‍മ്മിച്ചുനല്‍കുന്നുണ്ട്. പൊതുജനങ്ങള്‍ക്കും ഇവിടെ ഓര്‍ഡര്‍ കൊടുക്കാവുന്നതാണ്.
ഐടിഐകളില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഇന്ന് അവിടെ തന്നെ അപ്രന്റീസ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്നു. രണ്ടായിരം രൂപയായിരുന്ന ഇവരുടെ അലവന്‍സ് സര്‍ക്കാര്‍ 5700 രൂപയായി വര്‍ദ്ധിപ്പിച്ചുനല്‍കി. മരിയാപുരത്ത് അദ്ധ്യാപകവൃത്തിയിലും ഫര്‍ണിച്ചര്‍ യൂണിറ്റിലും ഓഫീസ് ജോലികളിലും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഇന്ന് ജോലി ചെയ്യുന്നുണ്ട്. അവരുടെ കഴിവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്നതിന് പദ്ധതി കൊണ്ട് കഴിയുന്നു.
പിപിപി പ്രകാരം ഐടിഐ കളുടെ അപ്ഗ്രഡേഷന് രണ്ടര കോടി രൂപയുടെ സഹായവും മരിയാപുരത്ത് ലഭിച്ചു. ടാറ്റാ മോട്ടോഴ്സ് ആണ് പങ്കാളി. അവര്‍ 3.5 ലക്ഷം രൂപയുടെ യന്ത്രസാമഗ്രികള്‍ നല്കി. പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക് തൊഴില്‍ നല്‍കാനും അവര്‍ തയ്യാറായി. മറ്റ് മൂന്നു ഐടിഐ കളിലും പിപിപി പ്രകാരം പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്.
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ 44 ഐടിഐകളെയും മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ഈ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. ഞാന്‍ തന്നെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച ശേഷം ഒരുവര്‍ഷവും മൂന്ന് മാസവും കഴിഞ്ഞ് എനിക്ക് തന്നെ ഉദ്ഘാടനം ചെയ്യാന്‍ അവസരം ലഭിച്ച കൊയിലാണ്ടി ഐടിഐ മറ്റൊരു ഉദാഹരണമാണ്.
തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള ഐടിഐകളോട് കിടപിടിക്കത്തക്ക ഗുണമേയുള്ള സ്ഥാപനങ്ങളായി പട്ടികജാതി വികസന വകുപ്പിന്റെ ഐടിഐകളെ ഉയര്‍ത്താന്‍ ഇതിനകം നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഹോസ്റ്റല്‍ സൗകര്യം മെച്ചപ്പെടുത്തി, പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നല്കി. പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സാങ്കേതിക വിദ്യാഭാസവും തൊഴില്‍ പരിശീലനവും നല്കി കരുത്തുള്ളവരാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.