കാഞ്ഞങ്ങാട്: ആവേശം നിറഞ്ഞ് കലോത്സവം രണ്ടാം നാള് പിന്നിടുകയാണ്. കാണികളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച് പല മത്സരങ്ങളും വേദികളില്‍ നിറഞ്ഞാടുകയാണ്. അതില്‍ ഇപ്പോള്‍ താരമാവുകയാണ് അവനി എന്ന കൊച്ചുമിടുക്കി. കീമോ കഴിഞ്ഞതിനു പിന്നാലെയാണ് അവനി കലോത്സവ വേദിയില്‍ എത്തിയത്. എല്ലാ ക്ഷീണങ്ങളെയും മറികടന്ന് അവനി പാടി. എംഎന്‍.പാലൂരിന്റെ ‘ഉഷസ്സ്’ എന്ന കവിതയാണ് അവനി ആലപിച്ചത്.
കൂടി നിന്നവര്‍ അവനിയുടെ ആ മധുര ശബ്ദത്തിന് നിറകൈയ്യടികള്‍ നല്കി. അര്‍ബുദത്തെ തോല്‍പ്പിച്ച് മുന്നേറുന്ന അവനിക്ക് എ ഗ്രേഡും ലഭിച്ചു. തിരുവനന്തപുരം വെഞ്ഞാറമ്മൂട് ഗവ. എച്ച്എസ്എസിലെ അസംബ്ലിയില്‍ എന്നും പ്രാര്‍ഥനചൊല്ലിയിരുന്ന ഈ ഒന്‍പതാം തരക്കാരി മത്സരിച്ചത് മറ്റുകുട്ടികളോടല്ല, തന്നെ തോല്‍പ്പിക്കാന്‍ നിന്ന വിധിയോടായിരുന്നു.
ഒന്നാംക്ലാസ് മുതല്‍ കലോത്സവ വേദികളില്‍ സജീവമാണ് അവനി. ആദ്യമായാണ് അവനി സംസ്ഥാന കലോത്സവത്തിനെത്തുന്നത്. എട്ടാം ക്ലാസില്‍ പഠിക്കവേ കഴിഞ്ഞവര്‍ഷം നവംബറിലാണ് അവനിയുടെ പ്രതീക്ഷകള്‍ തെറ്റിച്ച് അര്‍ബുദം പിടികൂടിയത്. അവിടെ പതറാതെ അവള് പോരാടി. കീമോ ചെയ്ത ക്ഷീണം അവളുടെ സ്വരമാധുര്യത്തെ രണ്ടടി പിന്നില്‍ നിര്‍ത്തി.
ചികിത്സകള്‍ തുടങ്ങിയപ്പോള്‍ അവനിക്ക് ക്ലാസുകള്‍ മടങ്ങി. അപ്പോഴും കരഞ്ഞിരിക്കാന്‍ അവനി തയ്യാറായിരുന്നില്ല. സംഗീതത്തെ ഇഷ്ടപ്പെട്ട അവള് അത് മുറുകെ പിടിച്ചു. കര്‍ണാടക സംഗീതപഠനത്തിന് കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സ്കോളര്ഷിപ്പുനേടി. ചികിത്സയിലായിരുന്നതിനാലാണ് കഴിഞ്ഞവര്‍ഷം കലാവേദികളില്‍ എത്താതിരുന്നത്. ഇത്തവണ ആ കുറവാണ് തീര്‍ത്തത്. കഥകളി സംഗീതത്തിലും എ ഗ്രേഡ് നേടി. വെഞ്ഞാറമ്മൂട്ടില്‍ പച്ചക്കറി വ്യാപാരിയായ അച്ഛന് സന്തോഷും അമ്മ സജിതയും സ്കൂളിലെ അധ്യാപകരുമാണ് അവനിയുടെ കരുത്ത്. കലാഭാരതി ബിജുനാരായണനും നീരജുമാണ് ഗുരുക്കള്‍.
Discussion about this post