കൊച്ചി: നടൻ ദിലീപ് പ്രതിയായ കേസിലെ നിർണ്ണായക തെളിവായ മെമ്മറി കാർഡിന്റെ പകർപ്പ് വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീംകോടതി വിധി ഇന്ന്. നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. ദൃശ്യങ്ങൾ കേസിലെ രേഖയാണെന്നും അത് കാണുവാൻ തനിക്ക് അവകാശമുണ്ടെന്നുമാണ് ദിലീപിന്റെ വാദം.
എന്നാൽ കർശ്ശന ഉപാധിയോടെയാണെങ്കിലും ദൃശ്യങ്ങൾ കൈമാറരുതെന്നാണ് ആക്രമണത്തിന് ഇരയായ നടി സുപ്രീംകോടതിയിൽ രേഖാമൂലം ആവശ്യപ്പെട്ടിട്ടുള്ളത്. പ്രതികളെ ദൃശ്യങ്ങൾ കാണിക്കുന്നതിന് തടസമില്ലെന്നും. എന്നാൽ, പകർപ്പ് കൈമാറരുതെന്നുമാണ് നടിയുടെ ആവശ്യം. തന്റെ സ്വകാര്യത മാനിക്കണമെന്ന് നടി കോടതിയോട് അഭ്യർത്ഥിച്ചിരുന്നു.
കർശന വ്യവസ്ഥയോടെയാണെങ്കിലും ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിൻറെ പകർപ്പ് കൈമാറണമെന്നാണ് ദിലീപിന്റെ ആവശ്യം. ദൃശ്യങ്ങൾ നൽകുന്നതിനെ എതിർത്ത് സംസ്ഥാന സർക്കാരും വാദങ്ങൾ എഴുതി നൽകിയിരുന്നു.
മെമ്മറി കാർഡിലെ ദൃശ്യങ്ങൾക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീ ശബ്ദത്തിൽ കൃത്രിമം കാട്ടിയിട്ടുണ്ടെന്നും ഈ ശബ്ദം കേസ് രേഖകളിൽ പരാമർശിക്കുന്നില്ലെന്നും ദിലീപ് സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു. മെമ്മറി കാർഡിന്റെ പകർപ്പ് കിട്ടിയാൽ മാത്രമേ കേസിലെ തന്റെ നിരപരാധിത്വം തെളിയിക്കാൻ സാധിക്കുകയുള്ളുവെന്നാണ് ദിലീപ് രേഖാമൂലം നൽകിയ വാദങ്ങളിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.
Discussion about this post