കോഴിക്കോട്; സ്കൂള്‍ സ്റ്റോറില്‍ സൂക്ഷിച്ച ഭക്ഷ്യ വസ്തുവില്‍ നിന്നും പൊടി അടങ്ങിയ പൊതി കണ്ടെത്തി. കുട്ടികള്‍ക്ക് നല്കാന് വെച്ച കടലയില്‍ നിന്നാണ് പൊതി ലഭിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ പൊടി വിഷ വസ്തുവല്ലെന്നു മനസിലായതായാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.
കോഴിക്കോട് വാണിമേല്‍ എയൂപി സ്കൂളില്‍ സൂക്ഷിച്ചിരുന്ന കടലയിലാണ് പൊതി കണ്ടെത്തിയത്. എന്നാല്‍ കിട്ടിയ വസ്തു എന്താണെന്ന് വ്യക്തമല്ല. സാമൂഹ്യ വിരുദ്ധരാകാം സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കുട്ടികള്‍ക്കു ഭക്ഷണത്തോടൊപ്പം നല്‍കുന്നതിനായി കുതിരാന്‍ വെള്ളത്തിലിട്ട കടലക്കൊപ്പമാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ ചാര നിറത്തിലുള്ള പൊതി കണ്ടെത്തിയത്. അടുക്കളയോട് ചേര്‍ന്നുള്ള മുറിയിലായിരുന്നു ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചത്. ജീവനക്കാര്‍ പൊതി കണ്ടെത്തിയ വിവരം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചു. എഇഓ അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
കണ്ടെത്തിയത് വിഷ വസ്തുവല്ലെന്ന പ്രാഥമിക നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. പോലീസ് സമീപവാസികളില്‍ നിന്നും മൊഴിയെടുത്തു. ആശങ്ക അകറ്റാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണമെന്ന് അധ്യാപകരും ആവശ്യപെടുന്നു.
Discussion about this post