കൊല്ലം: വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ ബൈക്ക് ലാത്തികൊണ്ട് എറിഞ്ഞുവീഴ്ത്തി പോലീസിന്റെ ക്രൂരത. കൊല്ലം കടയ്ക്കലിലാണ് വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ ബൈക്ക് യാത്രക്കാരനെ പോലീസ് ലാത്തി കൊണ്ട് എറിഞ്ഞിട്ടത്. നിയന്ത്രണം വിട്ട ബൈക്ക് ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനത്തിലിടിച്ച് അപകടമുണ്ടായി. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ യുവാവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തിന് പിന്നാലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് തടിച്ചുകൂടിയ ജനങ്ങൾ പാരിപ്പള്ളി-മടത്തറ റോഡ് ഉപരോധിച്ചു. കാഞ്ഞിരത്തുംമൂട് ഭാഗത്തു സംഘർഷാവസ്ഥയുമുണ്ടായി. സംഭവം വിവാദമായതോടെ ലാത്തിയെറിഞ്ഞ സിവിൽ പോലീസ് ഓഫീസർ ചന്ദ്രമോഹനെ സസ്‌പെൻഡ് ചെയ്തു
ഹെൽമെറ്റ് ധരിക്കാത്തവരെ ഓടിച്ചിട്ടു പിടികൂടരുതെന്ന ഹൈക്കോടതി നിർദേശത്തിനു തൊട്ടുപിന്നാലെയാണ് പോലീസ് കോടതിയെ വെല്ലുവിളിച്ച് യുവാവിനെ എറിഞ്ഞിട്ടത്. ട്രാഫിക് ലംഘനം കണ്ടെത്താൻ ആധുനികവും ശാസ്ത്രീയവുമായ സംവിധാനങ്ങൾ ഉപയോഗിക്കണം. റോഡിനു മധ്യത്തിൽ നിന്നുള്ള ഹെൽമെറ്റ് പരിശോധന പാടില്ല. ഹെൽമെറ്റ് ഉപയോഗിക്കാത്തവരെ കായികമായല്ല നേരിടേണ്ടത്. ഇതുസംബന്ധിച്ച് ഡിജിപി പുറത്തിറക്കിയ സർക്കുലർ കർശനമായി പാലിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഇതാണ് ഇപ്പോൾ ലംഘിക്കപ്പെട്ടിരിക്കുന്നത്.
Discussion about this post