തൃശൂര്‍: താന്‍ ജീവിച്ചിരിപ്പുണ്ടെന്നു സാക്ഷ്യപ്പെടുത്താന്‍ അക്ഷയ കേന്ദ്രത്തിലേക്ക് പോകവേ വയോധികന്‍ വഴിയില്‍ തളര്‍ന്നുവീണു മരിച്ചു. ചാഴൂര്‍ ആലപ്പാട് കിണര്‍ സ്റ്റോപ്പിനു സമീപം കല്ലുങ്ങല്‍ വീട്ടില്‍ ദിനപാലന്‍ (79) ആണു മരിച്ചത്.
സാമൂഹികക്ഷേമ പെന്‍ഷന്‍ മുടങ്ങാതിരിക്കാനായി, താന്‍ ജീവിച്ചിരിപ്പുണ്ടെന്നു സാക്ഷ്യപ്പെടുത്താനായി ഇന്നു പുലര്‍ച്ചെ അക്ഷയ കേന്ദ്രത്തിലേക്ക് പോയതായിരുന്നു ദിനപാലന്‍. അതിരാവിലെ പോയാലേ ടോക്കണ്‍ കിട്ടൂ എന്നതിനാലാണ് പുലര്‍ച്ചേ തന്നെ വീട്ടില്‍ നിന്നും ഇറങ്ങിയത്.
സൈക്കിളില്‍ പോയ ദിനപാലന്‍ അക്ഷയ കേന്ദ്രത്തിലെത്തും മുന്‍പ് ആലപ്പാട് സെന്ററില്‍ വച്ചു തളര്‍ച്ച അനുഭവപ്പെട്ടതോടെ കടത്തിണ്ണയില്‍ കിടന്നു. തളര്‍ന്നു കിടക്കുന്ന വയോധികനെ കണ്ട് നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.