മലപ്പുറം: വീണ്ടും കല്ലട ബസ് വിവാദത്തില്‍ കുടുങ്ങിയിരിക്കുകയാണ്. ദീര്‍ഘദൂര കല്ലട ബസില്‍ വെച്ച് യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ആണ് ശ്രമം നടന്നത്. കല്ലട ബസില്‍ യാത്ര ചെയ്യവെയായിരുന്നു സംഭവം. പീഡന ശ്രമത്തില്‍ കാസര്‍കോട് കുടലു സ്വദേശി മുനവര്‍(23) പിടിയിലായി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് യുവാവ് യുവതിയെ കടന്നു പിടിക്കാന്‍ ശ്രമം നടത്തിയത്. കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി.
മലപ്പുറം കോട്ടക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ വച്ചാണ് സംഭവം. അടുത്തിടെ വന്‍ വിവാദങ്ങളില്‍പ്പെട്ട സ്വകാര്യ ദൂര്‍ഘദൂര ബസായിരുന്നു കല്ലട. യാത്രക്കാരെ മര്‍ദ്ദിച്ചും പെരുവഴിയില്‍ ഇറക്കി വിട്ടും കല്ലട ബസ് വിവാദത്തില്‍ തന്നെയായിരുന്നു. സോഷ്യല്‍മീഡിയയിലും മറ്റും വന്‍ രോഷം തന്നെയാണ് കല്ലട ബസിന് നേരെ ഉയര്‍ന്നത്. ‘കൊല്ലട’ എന്ന പരിഹാസ പേരും സോഷ്യല്‍മീഡിയ കല്ലടയ്ക്ക് നല്‍കിയിരുന്നു.
ബസിന് നേരെ കല്ലെറിഞ്ഞും ഓഫീസുകള്‍ തകര്‍ത്തും പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതില്‍ നിന്നെല്ലാം തലയൂരി വരുന്ന സമയത്താണ് അടുത്ത വിവാദത്തില്‍ കല്ലട കുരുങ്ങിയിരിക്കുന്നത്. യാത്ര മധ്യേ സ്ത്രീക്ക് നേരെ അതിക്രമം നടക്കുമ്പോള്‍ ബസില്‍ യാത്രക്കാര്‍ക്കുള്ള സുരക്ഷിതത്വമാണ് ചോദ്യം ചെയ്യപ്പെടുന്നത്.