കാസര്‍കോട്: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയേറിയിരിക്കുകയാണ്. ഇത്തവണത്തെ സ്‌കൂള്‍ കലോത്സവത്തിന് ഒരു പ്രത്യേകതയുണ്ട്. മറ്റൊന്നുമല്ല, പ്രത്യക്ഷമായല്ലെങ്കിലും അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ജയില്‍ അന്തേവാസികളും ഭാഗമാണ്.
ഇത്തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിധിയെഴുതാന്‍ ജയിലില്‍ നിര്‍മ്മിച്ച പേനകളാണ് തയ്യാറാക്കിയത്. നാലായിരം പേനകളാണ് കാഞ്ഞങ്ങാട് സബ് ജയിലിലെ അന്തേവാസികള്‍ നിര്‍മ്മിച്ച് കലോത്സവ സംഘാടക സമിതിക്ക് കൈമാറുന്നത്. പതിമൂന്നായിരത്തില്‍ അധികം വരുന്ന മത്സരാര്‍ത്ഥികളുടെ വിധിയഴുതുക ജയിലിലെ അന്തേവാസികള്‍ നിര്‍മ്മിക്കുന്ന പേനകളാണ്.
കൂടാതെ കലോത്സവ പരിസരത്ത് പ്ലാസ്റ്റിക് കവറുകള്‍ക്കും സ്ഥാനമില്ല. മേളയില്‍ ഹരിതചട്ടം നിര്‍ബന്ധമാക്കിയിരിക്കുകയാണ്. കലോത്സവ വേദിയിലേക്ക് ആരും പ്ലാസ്റ്റിക് കവറുമായി വരേണ്ടതില്ലെന്നാണ് അറിയിപ്പ്.
കലോത്സവ പരിസരത്ത് പ്ലാസ്റ്റിക് കവറുകളുമായെത്തുന്നവര്‍ക്ക് പകരം തുണി സഞ്ചിയാണ് നല്‍കുക. പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരമായി ആളുകള്‍ക്ക് നല്‍കാന്‍ പതിനായിരത്തിലധികം തുണിസഞ്ചികളാണ് ഒരുക്കുന്നത്.
Discussion about this post