തിരുവനന്തപുരം: മീനുവെന്ന സഹോദരിയെ ചുമലിലേറ്റി നടക്കുന്നത് മനുവിന് ഒരിക്കലും ഭാരമല്ലായിരുന്നു. അതുകൊണ്ടാണ് സ്വന്തം വിവാഹനിശ്ചയ ദിനത്തിൽ പോലും പൊന്നനിയത്തിയെ എടുത്തുകൊണ്ട് ചടങ്ങിൽ സംബന്ധിച്ചത്. മനു മീനുവിനെ എടുത്ത് നിൽക്കുന്ന ചിത്രം സോഷ്യൽമീഡിയയുടെ ഹൃദയത്തെ കീഴടക്കിയിരുന്നു. ഇതോടെയാണ് മീനുവിനും മനുവിനും കൈത്താങ്ങായി സുഹൃദ്സംഘമെത്തിയത്.
അരയ്ക്കു താഴെ ചലന ശേഷിയില്ലാത്ത മീനുവിന് ഇലക്ട്രിക്കൽ വീൽചെയർ നൽകിയിരിക്കുകയാണ് കരകൗശല ബോർഡ് ചെയർമാൻ കെഎസ് സുനിൽകുമാറും സുഹൃത്തുക്കളും. സോഷ്യൽമീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും മനുവിന്റേയും അനിയത്തി മീനുവിന്റേയും കഥയറിഞ്ഞാണ് സഹായിക്കാൻ സുനിൽകുമാറും സംഘവുമെത്തിയത്. എഴുപതിനായിരം രൂപ വിലവരുന്ന ഇലക്ട്രിക്കൽ വീൽ ചെയർ ഇതോടെ മീനുവിനായി ഇവർ സമ്മാനിക്കുകയായിരുന്നു.
ആദ്യം ഇലക്ട്രിക് വീൽചെയറിൽ ഇരുന്നപ്പോൾ ആശങ്കയുണ്ടായെങ്കിലും സഹോദരൻ കൈയ്യിൽ മുറുക്കെ പിടിച്ചതോടെ മീനു പതിയെ വീൽചെയറുമായി ചങ്ങാത്തത്തിലാവുകയായിരുന്നു. വീൽചെയറിന്റെ പ്രവർത്തനമെല്ലാം മീനു പഠിച്ചെടുക്കുകയും ചെയ്തു. സ്വയം കൈകാര്യം ചെയ്യാവുന്നതേയുള്ളൂ മീനുവിന് ഈ വീൽചെയർ.
പുതിയ വീൽചെയർ കൂടി എത്തിയതോടെ പഴയ ഒറ്റമുറി വീട്ടിൽ നിന്നും വീൽ ചെയറിന് സ്ഥലപരിമിതി പ്രശ്നമാകാത്ത കുറച്ചുകൂടി സൗകര്യമുള്ള വീട്ടിലേക്ക് മാറിയിരിക്കുകയാണ് ഇരുവരും.