കൊല്ലം: വിദ്യാർത്ഥികൾക്ക് ടൂർ പോകാനായി വാടകയ്ക്ക് എടുത്ത ടൂറിസ്റ്റ് ബസ് സ്‌കൂൾ വളപ്പിൽ അപകടകരമായി ഓടിച്ച് ഡ്രൈവറുടെ സാഹസപ്രകടനം. സംഭവം വിവാദമായതിന് പിന്നാലെ കേസ് എടുത്തതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ച കൊല്ലം കൊട്ടാരക്കര വെണ്ടാർ വിദ്യാധിരാജ സ്‌കൂളിലാണ് സംഭവം നടന്നത്. ആഡംബര ബസ് വാടകയ്ക്ക് എടുത്തായിരുന്നു സ്‌കൂൾ വളപ്പിൽ വിദ്യാർത്ഥികളുടെ അപകടകരമായ അഭ്യാസ പ്രകടനം. ഇതിനു പുറമെ ലൈസൻസ് ഇല്ലാത്ത വിദ്യാർത്ഥികൾ ബൈക്കിലും കാറിലുമായും അഭ്യാസ പ്രകടനം നടത്തിയിരുന്നു. പ്ലസ്ടു വിദ്യാർത്ഥികളുടെ വിനോദ യാത്രയുമായി ബന്ധപ്പെട്ട് സ്‌കൂളിൽ എത്തിച്ച ടൂറിസ്റ്റ് ബസാണ് അമിത വേഗത്തിൽ സ്‌കൂൾ മൈതാനത്തുകൂടി ഓടിച്ചത്.
നാട്ടുകാരും രക്ഷിതാക്കളും അധ്യാപകരും കണ്ടുനിൽക്കെയായിരുന്നു സംഭവം. അപകടകരമായ രീതിയിൽ സ്‌കൂൾ മൈതാനത്ത് നടത്തിയ അഭ്യാസ പ്രകടനത്തെ അധ്യാപകർ അടക്കം ആരും എതിർത്തില്ല. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പ് വിഷയത്തിൽ ഇടപെട്ടത്.
ബസ് കസ്റ്റഡിയിൽ എടുക്കാനും വാഹന ഉടമയ്ക്കും ഡ്രൈവർക്കും എതിരെ നിയമ നടപടി സ്വീകരിക്കാനും തീരുമാനിച്ചതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. ആരാണ് വാഹനങ്ങൾ ഓടിച്ചതെന്ന് കണ്ടെത്തും. ഇതിനായി സ്‌കൂൾ അധികൃതരെ സമീപിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. വിനോദ യാത്രയ്ക്ക് പോയ കുട്ടികൾ ഇന്ന് രാത്രിയെ തിരിച്ചെത്തിയ ശേഷമാകും മോട്ടോർ വാഹന വകുപ്പ് നടപടികൾ സ്വീകരിക്കുക.
അതേ സമയം വിദ്യാർത്ഥികൾ ആരും വാഹനങ്ങൾ ഓടിച്ചിട്ടില്ലെന്നും പുറത്തു നിന്നെത്തിയവർ ആണ് വാഹനങ്ങൾ ഓടിച്ചതെന്നുമാണ് സ്‌കൂൾ അധികൃതരുടെ പ്രതികരണം.
Discussion about this post