നാല് ജീവന്‍ എടുത്ത അങ്കമാലിയിലെ അപകടം; അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു

കെട്ടിടം അനധികൃതമാണെന്നും ഇന്ന് തന്നെ പൊളിക്കുമെന്നും നഗരസഭാ അധ്യക്ഷയും വ്യക്തമാക്കി.

കൊച്ചി: അങ്കമാലിയില്‍ നാല് ജീവന്‍ എടുത്ത വാഹനാപകടം ഏവരെയും ഞെട്ടിച്ച ഒന്നാണ്. അപകടത്തിന് കാരണമായ കെട്ടിടം ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭാഗികമായി തകര്‍ത്തിരിക്കുകയാണ്. ദേശീയ പാതയില്‍ റോഡിലെ കാഴ്ച മറച്ച് നിര്‍മ്മിച്ച കെട്ടിടമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തത്. പോലീസ് സംഭവ സ്ഥലത്തെത്തി പ്രവര്‍ത്തകരെ തടയുകയായിരുന്നു.

കെട്ടിടം അനധികൃതമാണെന്നും ഇന്ന് തന്നെ പൊളിക്കുമെന്നും നഗരസഭാ അധ്യക്ഷയും വ്യക്തമാക്കി. അങ്കമാലി ദേശീയപാതയില്‍ വാഹന യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന ഈ കെട്ടിടം പൊളിച്ച് മാറ്റണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. വളവോട് കൂടിയ ദേശീയപാതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് റോഡില്‍ കയറി നില്‍ക്കുന്ന ഈ കെട്ടിടം കാരണം പലപ്പോഴും മറുവശത്തെ കാഴ്ചകള്‍ കിട്ടാറില്ലെന്നാണ് പരാതി.

ഇതിനെ ശരിവെച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം നാല് പേരുടെ ജീവനെടുത്ത അപകടം നടന്നത്. ദേശീയപാതയില്‍ തുടര്‍ച്ചയായി അപകടമുണ്ടാക്കുന്ന കെട്ടിടം പൊളിച്ച് മാറ്റിയില്ലെങ്കില്‍ ഇനി അപകടം ഉണ്ടായാല്‍ ഉടമകളെ പ്രതിയാക്കി കേസ് എടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അങ്കമാലി സെന്റ് ജോര്‍ജ്ജ് ബസിലിക്കയില്‍ കുര്‍ബാന കൂടിയ ശേഷം ഓട്ടോയില്‍ വീട്ടിലേക്ക് പോകുകയായിരുന്ന സഹോദരിമാരടക്കം നാല് പേരാണ് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ തല്‍ക്ഷണം മരിച്ചത്. ഏതാനും മീറ്ററുകള്‍ ഓട്ടോറിക്ഷയെ വലിച്ച് പോയ സ്വകാര്യ ബസ് ദേശീയപാതയിലെ ഒരു കടയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു.

Exit mobile version