തിരുവനന്തപുരം: ഉറക്കം ഒഴിഞ്ഞ് കാവലിരുന്ന് നിരീക്ഷിക്കാനും, ശക്തമായ നടപടിയെടുത്ത് പിഴ ചുമത്തി നിയമത്തിന് മുന്പില് കൊണ്ടുവരാനും മേയര്‍ ബ്രോ ഇല്ല. ഇതോടെ മാലിന്യം കുമിഞ്ഞ് കൂടി പാര്‍വതി പുത്തനാറിന്റെ നില പഴയ പടി ആവുകയാണ്. വികെ പ്രശാന്തിന്റെ ഇടപെടലോടെ മാലിന്യം തള്ളുന്നത് ഒരു പരിധി വരെ തടയാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം ജയിച്ച് കയറിയതോടെ പുത്തനാറിന്റെ അവസ്ഥ പഴയ നിലയിലാവുകയാണ്.
ഇറച്ചി മാലിന്യങ്ങളാണ് ചാക്കില്‍ കെട്ടിയാണ് കൂടുതലായും തള്ളുന്നത്. ഇരുട്ടിന്റെ മറവിലാണ് ഇത്തരം പ്രവര്‍ത്തികള്‍ നടക്കുന്നത്. നഗരത്തിലെ ഹോട്ടലുകളില്‍ നിന്നും ഇറച്ചി കടകളില്‍ നിന്നും മാലിന്യ അവശിഷ്ടങ്ങള്‍ ശേഖരിക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. ഹോട്ടലുടമകളില്‍ നിന്ന് പണം വാങ്ങിയാണ് മാലിന്യ ശേഖരണം നടത്തി പുത്തനാറില്‍ തള്ളുന്നത്.
ഇവിടെ മാലിന്യ സംസ്കരണത്തിന് കൃത്യമായ സംവിധാനങ്ങളില്ലാത്തതും പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ചാക്ക, മുട്ടത്തറ ഭാഗങ്ങളില്‍ എത്തിയാണ് സംഘം മാലിന്യചാക്കുകള്‍ തള്ളുന്നത്. ഭീഷണിയുള്ളതിനാല്‍ ചോദ്യം ചെയ്യാന്‍ ആരും ധൈര്യപ്പെടുന്നില്ല എന്നതാണ് വാസ്തവം. പലയിടങ്ങളിലും വൈദ്യുതി പോസ്റ്റിലെ ട്യൂബ് ലൈറ്റുകളും ഇവര്‍ എറിഞ്ഞുടക്കും. ശേഷമാണ് മാലിന്യം തള്ളുന്നത്. പ്രദേശത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
നേരത്തെ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ അടക്കം ജനപ്രതിനിധികളോടും, പ്രാദേശിക നേതാക്കളോടും നിരന്തരം പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു വികെ പ്രശാന്തിന്റെ ഇടപെടല്‍. തുടര്‍ന്ന് മാലിന്യം തള്ളുന്നത് ഒരു പിരിധി വരെ കുറയ്ക്കാന്‍ സാധിച്ചു. എന്നാല്‍, ഇപ്പോള്‍ രാത്രികാല പരിശോധനകള്‍ കുറവാണ്. ഇതാണ് മാലിന്യം തള്ളുന്നവര്‍ക്ക് അവസരം ലഭിക്കുന്നതും. സര്‍ക്കാര്‍ കോടികള്‍ മുടക്കിയാണ് പാര്‍വ്വതി പുത്തനാറിലെ പോളകള്‍ നീക്കിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ബോട്ട് സര്‍വീസും നടത്തി. 2020 ജലപാത യാഥാര്‍ത്ഥ്യമാകുമെന്നാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം.