പമ്പ: പോലീസിന്റെ നിബന്ധന മറികടന്ന് സന്നിധാനത്ത് തങ്ങിയ എട്ടുപേരെ പോലീസ് കരുതല്‍ തടങ്കലിലാക്കിയ ശേഷം നാട്ടിലേക്ക് തിരിച്ചയച്ചു. ബിജെപി സര്‍ക്കുലര്‍ പ്രകാരം സന്നിധാനത്ത് എത്തിയവരെയാണ് കരുതല്‍ തടങ്കലിലാക്കിയതെന്ന് പോലീസ് വിശദീകരിച്ചു.
കൊല്ലം ജില്ലയിലെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണ് ഇവരെന്നും ഇവരുടെ ആര്‍എസ്എസ് ബന്ധം സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രത്യേക നിര്‍ദേശ പ്രകാരമാണ് ഇവിടെ എത്തിയതെന്നും പോലീസ് പറഞ്ഞു. കുറച്ച് സമയം കരുതല്‍ തടങ്കലിലാക്കിയ ശേഷം എട്ടു പേരെയും നിലയ്ക്കലിലേക്ക് തിരിച്ചയച്ചു.
എട്ടു പേര്‍ക്കെതിരെയും കേസെടുക്കില്ലെന്നും നാട്ടിലേക്ക് ബസ് കയറ്റിവിടുമെന്നും ഇവര്‍ക്ക് പോലീസ് ഉറപ്പ് നല്‍കി. ദര്‍ശനം നടത്തണമെങ്കില്‍ സൗകര്യം ചെയ്ത് നല്‍കാമെന്നും പോലീസ് ഇവരെ അറിയിച്ചു.
എട്ടുപേരെ കസ്റ്റഡിയിലെടുത്തതില്‍ വി.മുരളീധരന്‍ എംപി പ്രതിഷേധം തുടങ്ങി. എന്‍കെകട്ടീല്‍ എംപിക്കൊപ്പം സന്നിധാനം പോലീസ് സ്റ്റേഷനുമുന്നിലാണ് പ്രതിഷേധം. പോലീസിനോട് വിശദീകരണം തേടാനാണ് ശ്രമമെന്ന് വി മുരളീധരന്‍ പറഞ്ഞു. ആറുമണിക്കൂറിനകം തിരിച്ചിറങ്ങണമെന്ന നിബന്ധന ലംഘിച്ചവരാണ് കസ്റ്റഡിയിലുള്ളത്.
ശബരിമലയില്‍ അറസ്റ്റിലായ ആര്‍എസ്എസ് നേതാവ് ആര്‍ രാജേഷിനെ ആരോഗ്യവകുപ്പ് അല്‍പം മുന്‍പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എറണാകുളം ജില്ലയിലെ മലയാറ്റൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഫാര്‍മസിസ്റ്റായ രാജേഷിനെ ജില്ലാ മെഡിക്കല്‍ ഓഫീസറാണ് അന്വേഷണവിധേയമായി സ്‌പെന്‍ഡ് ചെയ്തത്. പത്തനംതിട്ട ജില്ലാ കലക്ടറുടെ നിരോധനാജ്ഞ ലംഘിച്ച് ശബരിമലയിലെത്തുകയും അവിടെയുണ്ടായ അനിഷ്ടസംഭവങ്ങളില്‍ ഉള്‍പ്പെട്ട രാജേഷിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസും റജിസ്റ്റര്‍ ചെയ്തു. ഈ സാഹചര്യത്തില്‍ രാജേഷിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നതായി ആയുര്‍വേദ ഡിഎംഒ അറിയിച്ചു. രാജേഷ് ഭക്തനല്ല, ആര്‍എസ്എസിന്റെ സജീവ നേതാവാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും പറഞ്ഞിരുന്നു.