കൊച്ചി: ശമ്പളക്കുടിശ്ശിക ചോദിച്ച ജീവനക്കാരോട് ‘ചില്ലറ’ പ്രതികാരം ചെയ്ത് തൊഴിലുടമ. വരന്തരപ്പിള്ളി വേലൂപ്പാടം സ്വദേശി പുത്തന്‍വീട്ടില്‍ റഹീമിന്റെ ഭാര്യ ഹസീനയ്ക്ക്(29) ഒരു മാസത്തെ വേതനമായ 6000 രൂപ ലഭിച്ചത് നാണയങ്ങളായിട്ടാണ്, അതും ഒരു രൂപയുടെയും 50 പൈസയുടെയും നാണയങ്ങളായി ചാക്കില്‍.
കിഴക്കേക്കോട്ടയിലെ ബ്യൂട്ടി പാര്‍ലറില്‍ ജീവനക്കാരിയായിരുന്നു ഹസീന. ഒരാഴ്ച മുന്‍പു ഹസീനയെയും ബംഗാള്‍ സ്വദേശി മെറീനയെയും ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതോടെ ശമ്പള കുടിശിക നല്‍കണമെന്നാവശ്യപ്പെട്ട് ഇരുവരും ഈസ്റ്റ് പോലീസില്‍ പരാതി നല്കി. പോലീസ് ഇടപെടലില്‍ പ്രശ്നം ഒത്തുതീര്‍പ്പായി. തിങ്കളാഴ്ച ശമ്പളകുടിശിക കൊടുത്തു തീര്‍ക്കാമെന്നു പാര്‍ലര്‍ ഉടമ സമ്മതിച്ചു.
രാവിലെ 11ന് ശമ്പളം വാങ്ങാന്‍ ബ്യൂട്ടി പാര്‍ലറിലെത്തിയ ഹസീനയ്ക്ക് നോട്ടുകള്‍ക്കു പകരം നേരത്തെ തയാറാക്കിവച്ചിരുന്ന ‘നാണയച്ചാക്ക്’ ഉടമ കൈമാറുകയായിരുന്നു. മെറീനയ്ക്കും ഇതേ രീതിയില്‍ നല്‍കിയെങ്കിലും അവര്‍ വേണ്ടെന്നുവച്ചു. ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പാര്‍ലര്‍ ഉടമ പിടിച്ചുവച്ചിരിക്കുന്നതായി ആക്ഷേപമുണ്ട്.
അസല്‍ രേഖ ലഭിച്ചിട്ടു തിരികെ പോകാനിരിക്കുകയായിരുന്നു മെറീന. നാണയവുമായി ഹസീന പോകുന്നതിനിടെ ചാക്ക് കീറി നാണയങ്ങള്‍ പകുതിയും വഴിയിലായി. പിന്നീട് ഭര്‍ത്താവെത്തിയാണ് നാണയചാക്ക് കൊണ്ടുപോയത്.
Discussion about this post