ചേര്‍ത്ത് പിടിക്കാന്‍ ആ കുഞ്ഞു കൈകള്‍ ഇല്ല; ചങ്ക് തകര്‍ന്ന് സ്‌കൂളിന്റെ പടി വീണ്ടും ചവിട്ടി ഷെഹ്‌ലയുടെ സഹോദരന്‍ ഷുഹൈബ്, കണ്ണുനീര്‍

ചേട്ടന്‍ എന്ന സ്ഥാനത്ത് നിന്ന് ചേര്‍ത്ത് പിടിച്ച് കൈ കോര്‍ത്ത് പിടിക്കാന്‍ ഇനി ഷെഹ്‌ല ഇല്ലാത്തത് ഇപ്പോഴും ഉള്‍കൊള്ളാന്‍ ഷുഹൈബിന് സാധിച്ചിട്ടില്ല.

മലപ്പുറം: സുല്‍ത്താന്‍ ബത്തേരിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി ഷെഹ്‌ല ഷെറിന്‍ ഇപ്പോഴും ഒരു നോവായി തന്നെ നില്‍ക്കുകയാണ്. ഷെഹ്‌ലയുടെ വിയോഗത്തിന് ശേഷം അടച്ചിട്ട സ്‌കൂള്‍ ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും തുറന്നു. എന്നാല്‍ ഇവിടെ നോവാകുന്നത് ഷെഹ്‌ലയുടെ സഹോദരന്‍ ഷുഹൈബ് ആണ്.

ചേട്ടന്‍ എന്ന സ്ഥാനത്ത് നിന്ന് ചേര്‍ത്ത് പിടിച്ച് കൈ കോര്‍ത്ത് പിടിക്കാന്‍ ഇനി ഷെഹ്‌ല ഇല്ലാത്തത് ഇപ്പോഴും ഉള്‍കൊള്ളാന്‍ ഷുഹൈബിന് സാധിച്ചിട്ടില്ല. നിറകണ്ണുകളോടെയാണ് ഷുഹൈബ് വീണ്ടും സ്‌കൂളിന്റെ പടികള്‍ കയറിയത്. ഷെഹ്ല ഷെറിന്റെ പിതൃസഹോദരിയുടെ മകനാണ് ഷുഹൈബ്. സര്‍വജന സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഷുഹൈബ്.

എന്നും ഷെഹ്ലയ്‌ക്കൊപ്പമായിരുന്നു ഷുഹൈബിന്റെ സ്‌കൂളിലേക്കുള്ള യാത്ര. പുത്തന്‍കുന്നില്‍ ഷെഹ്ലയുടെ വീടിനു സമീപത്താണ് ഷുഹൈബ് താമസിക്കുന്നത്. ഷെഹ്ലയും ഷുഹൈബും ഷുഹൈബിന്റെ സഹോദരി നെസ്ല ഫാത്തിമയും ഒരുമിച്ചാണ് എന്നും സ്‌കൂളില്‍ പോയിരുന്നത്. വീട്ടില്‍ നിന്നു പുത്തന്‍കുന്നു വരെ നടക്കും. അവിടെ നിന്നു ബസ് കയറി 6 കിലോമീറ്റര്‍ യാത്രയുണ്ട് സ്‌കൂളിലേക്ക്.

Exit mobile version