ബിന്ദു അമ്മിണി എത്തിയത് എകെ ബാലനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം; സർക്കാർ അവിശ്വാസികളെ കൊണ്ടുവരുന്നു: ആരോപിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമലയിൽ പോകാനായി ബിന്ദു അമ്മിണി എത്തിയത് മന്ത്രി എകെ ബാലനുമായി ചർച്ച നടത്തിയതിന് ശേഷമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ഇത് സർക്കാർ ഗൂഢാലോചനയാണ്. കഴിഞ്ഞ വർഷത്തെ കളങ്കം കഴുകി കളയാനുള്ള നാടകത്തിന്റെ ഭാഗമാണ് ഇന്നത്തെ സംഭവങ്ങളെന്നും കെ സുരേന്ദ്രൻ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു.

അവിശ്വാസികളെ തിരിച്ചയക്കുന്നു എന്ന ഒരു പ്രതീതിയുണ്ടാക്കാനാണ് ശ്രമം. തൃപ്തി ദേശായിയും സിപിഎം വനിതാ നേതാക്കളുമായി നല്ല ബന്ധമുണ്ട്. സർക്കാർ തന്നെ അവിശ്വാസികളെ കൊണ്ടു വരികയാണെന്ന് ആരോപിച്ച കെ സുരേന്ദ്രൻ സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ ദർശനം നടത്താനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായിക്കും ബിന്ദു അമ്മിണിക്കും സംഘത്തിനും എതിരിടേണ്ടി വന്നത് കനത്ത പ്രതിഷേധമാണ്. ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്‌പ്രേ ആക്രമണവും ഉണ്ടായി. ഹിന്ദു ഹെൽപ്‌ലൈൻ പ്രവർത്തകൻ ശ്രീനാഥാണ് ബിന്ദു അമ്മിണിയെ ആക്രമിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞതവണ മലകയറിയ യുവതികളിൽ ഒരാളാണ് ബിന്ദു അമ്മിണി.

ഇത്തവണയും മലകയറുന്നതിന് പോലീസ് സംരക്ഷണം തേടിയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് ബിന്ദു എത്തിയത്. ഇതിനിടെയായിരുന്നു ആക്രമണം. കമ്മീഷണർ ഓഫീസിന് മുന്നിൽ വിവിധഹിന്ദു സംഘടനകൾ നാമജപ പ്രതിഷേധവും നടത്തിയിരുന്നു.

Exit mobile version